AI GENERATED IMAGE

പത്തും പന്ത്രണ്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുട്ടികളുടെ അമ്മയുടെ കൂട്ടുകാരനെതിരെ കുറുപ്പംപടി പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. ടാക്‌സിഡ്രൈവറായ കാലടി സ്വദേശി ധനേഷ്‌കുമാറിനെതിരെയാണ് (38) മൂവാറ്റുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്തയാഴ്ച തന്നെ കുട്ടികളുടെ അമ്മയ്ക്കെതിരെയും കുറ്റപത്രം നല്‍കുമെന്ന്  പൊലീസ് പറയുന്നു. പീഡനവിവരം മറച്ചു വച്ചതിനാണ് മാതാവിനെ കേസിൽ പ്രതിയാക്കിയത്.

കുട്ടികളുടെ അച്ഛൻ നേരത്തേ മരിച്ചു. അദ്ദേഹം രോഗബാധിതനായി ആരോഗ്യാവസ്ഥ മോശമായപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ ധനേഷ്‌കുമാറിന്റെ ടാക്‌സിയാണ് സ്ഥിരമായി വിളിച്ചിരുന്നത്. ഒരുമിച്ചുള്ള യാത്രകള്‍ മൂലം ധനേഷ്‌കുമാറും കുട്ടികളുടെ അമ്മയും തമ്മില്‍ അടുപ്പത്തിലായി. കുട്ടികളുടെ  അച്ഛൻ മരണപ്പെട്ടതോടെയാണ് ധനേഷ്‌കുമാർ വീട്ടിൽ മിക്ക ദിവസവും എത്തിത്തുടങ്ങിയത്.

2023 ജൂണ്‍ മാസത്തിലാണ് വീട്ടിൽവച്ച്‌ മൂത്തകുട്ടിയെ ഇയാള്‍ ആദ്യമായി പീഡിപ്പിച്ചത്. അതിന് ശേഷം ഇളയകുട്ടിയെയും പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2024 ഡിസംബർ മാസം വരെ പീഡനം തുടര്‍ന്നുവെന്നാണ് കുട്ടികളുടെ മൊഴി. 2 കുട്ടികളെയും പീഡിപ്പിച്ച പ്രതി സഹപാഠിയായ കൂട്ടുകാരിയെ വീട്ടിൽ കൊണ്ടുവരാൻ മൂത്തകുട്ടിയോട്‌ ആവശ്യപ്പെട്ടതാണ് ഇത് പുറംലോകമറിയാന്‍ കാരണം. 

ഒരു അത്യാവശ്യ കാര്യത്തിന് വീട്ടിൽ വരണമെന്ന്‌ ആവശ്യപ്പെട്ട്‌ കൂട്ടുകാരിക്ക് പീഡനത്തിന് ഇരയായ പെണ്‍കുട്ടി  കുട്ടി കത്ത്‌ എഴുതി. ഈ കത്ത്‌ കൂട്ടുകാരിയുടെ അമ്മയായ അദ്ധ്യാപിക കാണാനിടയായി. അവരാണ് കാര്യങ്ങള്‍ തിരക്കിയറിഞ്ഞ് കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്‌. 

ENGLISH SUMMARY:

Youth arrested for molesting minor sisters