മദ്യലഹരിയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ, മറ്റൊരു സ്വകാര്യ ബസിലെ കണ്ടക്ടറെ കുത്തിപ്പരുക്കേല്പിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ തിരുവനന്തപുരം കിഴക്കേകോട്ടയിലെ വെള്ളക്കോട്ടയ്ക്ക് അടുത്തുവെച്ചായിരുന്നു സംഭവം.  വിനോജ് എന്ന കണ്ടക്ടറെയാണ് ബാബുരാജ് ഉണ്ണികൃഷ്ണന്‍ കുത്തിയത്. ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പൊലീസ് ഭാഷ്യം.

ആക്രമണത്തിന് ഇരയായ വിനോജ് വധശ്രമക്കേസിലെ പ്രതിയാണ്. ആക്രോശിച്ചുകൊണ്ടെത്തിയ ബാബുരാജ് ഉണ്ണികൃഷ്ണന്‍  കണ്ടക്ടർ സീറ്റിലിരുന്ന വിനോയിയെ ഫോർക്ക് ഉപയോഗിച്ച്  കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. വിനോജിന്‍റെ മുഖത്താണ് കുത്തേറ്റത്. പൊലീസെത്തിയാണ് വിനോജിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

വിനോജ് ജോലി ചെയ്യുന്ന ബസിൽ ഡ്രൈവറായി കയറാൻ ബാബുരാജ് ശ്രമിച്ചെങ്കിലും, അയാള്‍ മദ്യപാനിയാണെന്നു പറഞ്ഞ് വിനോയ് ഇതിന് തടയിട്ടിരുന്നു. അതുകൊണ്ടുതന്നെ വിനോജിനെ ആക്രമിക്കുമെന്ന് ബാബുരാജ് ഭീഷണി മുഴക്കിയിരുന്നു. ആക്രമണത്തിന് ശേഷം പൊലീസിനെ കണ്ട് വേഗത്തിലോടിയ ബാബുരാജിന് മറ്റൊരു ബസിലിടിച്ച്  പരിക്കേറ്റിട്ടുണ്ട്. ഇയാളും നിലവിൽ ചികിത്സയിലാണ്. 

കുത്തേറ്റ വിനോജ് ബേക്കറി ജംഗ്ഷനിൽ ഒരു യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് റിമാൻഡിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ശേഷമാണ് ബസിൽ ജോലിക്ക് കയറിയത്. ബാബുരാജ് കണ്ടക്റ്ററെ കുത്തുന്ന ദൃശ്യങ്ങൾ ബസിലെ സി.സി.ടി.വിയിൽ നിന്ന് പൊലീസിന് ലഭിച്ചു. 

ENGLISH SUMMARY:

Private bus driver stabbed and injured conductor