എഐ ഇമേജ് (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ മദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്. ബീമാപള്ളി പത്തേക്കറിന് അടുത്ത് താമസിക്കുന്ന ഫെെസർ ഖാൻ (38) ശംഖുംമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണിറോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (24) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തമ്പുരാൻമുക്കിന് സമീപമുള്ള ഇൻഫോസിസിന് എതിർവശത്തെ ബാർ ഹോട്ടലിൽ വച്ചാണ് മൂന്നംഗ സംഘം വിദ്യാർത്ഥിനികൾക്ക് മദ്യം നൽകിയത്. അമിതമായ അളവിൽ മദ്യം ഉള്ളിലെത്തിയതോടെ, വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. ഇതിനെ ഒരവസരമായി കണ്ട പ്രതികൾ ബോധംകെട്ട പെൺകുട്ടികളുടെ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേന ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഫെെസർ ഖാനും എബിനും അഭിലാഷും ചേർന്നാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പെൺകുട്ടികളെ അഡ്മിറ്റാക്കിയ ശേഷം ഇവർ തന്നെ രക്ഷിതാക്കളോട് വിവരം വിളിച്ചറിയിക്കുകയായിരുന്നു.
മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം വിട്ടതോടെ ഈ പെൺകുട്ടികൾ തന്നെയാണ് തങ്ങളെ മൂന്ന് പേരും ലെെംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളോട് പറഞ്ഞത്. അങ്ങനെയാണ് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നഗരത്തിലെ ഒരു പ്രമുഖ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളെയാണ്, കുളത്തൂർ ഇൻഫോസിസിന് എതിർവശത്തെ ബാറിലെത്തിച്ച് മദ്യം നൽകിയത്. തുടർന്ന് മദ്യലഹരിയിൽ അബോധാവസ്ഥയിലായ പെൺകുട്ടികളെ സംഘം പിഡിപ്പിക്കുകയായിരുന്നു.