കോട്ടയം കറുകച്ചാലിൽ യുവതി കാർ ഇടിച്ച് മരിച്ച സംഭവം ആസൂത്രിത കൊലപാതകം. കഴിഞ്ഞ ദിവസം എട്ടരയോടെയാണ് കൂത്രപള്ളി സ്വദേശിനി നീതു ആർ.നായർ കാർ ഇടിച്ച് മരിച്ചത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീതുവിന്‍റെ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിനി നീതു . ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന നീതുവുമായി അൻഷാദിന് സൗഹൃദമുണ്ടായിരുന്നു. അടുത്തകാലത്ത് വ്യക്തിപരവും സാമ്പത്തികവുമായ തർക്കങ്ങളെ തുടർന്ന് ഇരുവരും ഭിന്നതയിലായി. തുടർന്നാണ് അൻഷാദിന്‍റെ ആസൂത്രിത കൊലപാതകം. രാവിലെ ഒൻപതോടെ വീട്ടിൽ നിന്നും കറുകച്ചാലിലേക്ക് പോകുമ്പോൾ വെട്ടിക്കാവുങ്കൽ-പൂവൻപാറപ്പടി റോഡിൽവെച്ചായിരുന്നു അപകടം.
വാഹനമിടിച്ച് അബോധാവസ്ഥയിലായി കിടന്ന നീതുവിനെ നാട്ടുകാരാണ് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. സംഭവ സ്ഥലത്തു നിന്നും ഒരു കാർ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണമാണ് കാഞ്ഞിരപ്പള്ളി സ്വദേശിയിലേക്ക് എത്തിയത്. പ്രതി കൃത്യം നടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മണിമല മുക്കടയിൽ നിന്നും വാടകയ്ക്ക് എടുത്ത വാഹനമാണ് അൻഷാദ് കൊലപാതകത്തിന് ഉപയോഗിച്ചത് . വാഹനത്തിന്‍റെ നമ്പള്‍ പ്ലേറ്റ് ഉരിമാറ്റിയ ശേഷണമാണ് നീതുവിനെ ഇടിച്ചത്. കൊലപാതകത്തിന്‍റെ ആസൂത്രണത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്