1. പ്രതി അജേഷ്, 2. എഐ ഇമേജ്
വിവാഹം ചെയ്യുമെന്ന് ഉറപ്പു ൽകി പണവുമായി മുങ്ങിയവനെ, പ്രേമം നടിച്ച് വിളിച്ചുവരുത്തി പൊലീസിനെ കൊണ്ട് പിടിപ്പിച്ച് യുവതി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നത്. തൃശൂർ വെണ്ണൂർ സ്വദേശി കെ. അജേഷിനെയാണ് (35) മെഡിക്കൽ കോളജ് പൊലീസ് കൈയ്യോടെ പിടികൂടിയത്.
അജേഷ് വിവാഹിതനാണ്. ഇയാള്‍ ആറ് മാസം മുമ്പാണ് ഒരു മാട്രിമോണിയൽ സൈറ്റിൽ കയറി അവിവാഹിതനെന്ന് കാട്ടി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തത്. ശേഷം നല്ല സാമ്പത്തിക ശേഷിയുള്ള ഒരു ഇരയ്ക്കായി കാത്തിരിപ്പ് തുടര്‍ന്നു. അങ്ങനെ തിരുവനന്തപുരം സ്വദേശിനിയുടെ പ്രൊഫൈല്‍ കണ്ട് താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ അവര്‍ അടുത്ത പരിചയത്തിലായി. ആ ബന്ധം വിവാഹാലോചനയില്‍ എത്തിയതോടെ അജേഷ് യുവതിയോട് കടമായി പണം ആവശ്യപ്പെട്ടു.
എന്തായാലും ഇയാള്‍ തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിച്ച യുവതി പല തവണകളായി 2.5 ലക്ഷം രൂപ വരെ നൽകി. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ, സംശയം തോന്നിയ യുവതി ഇയാളെപ്പറ്റി നന്നായി അന്വേഷിച്ചു. അപ്പോഴാണ് പ്രതി വിവാഹിതനാണെന്ന് ബോധ്യമായത്. തുടർന്ന് യുവതി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.
അങ്ങനെ, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ബിഎം ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയെ കൊണ്ട് യുവാവിനെ ഫോണ്‍ വിളിപ്പിച്ചു. എനിക്ക് ചേട്ടനെ കാണണം, വീണ്ടും പണം തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് യുവാവ് തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയപ്പോള്‍ യുവതിക്ക് പകരം കാത്തുനിന്നത് പൊലീസാണ്. എത്തിയപ്പോൾത്തന്നെ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.