തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. അമ്പൂരി സെറ്റിൽമെന്റ് കരിക്കുഴി സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് മുതൽ അച്ഛനും മകനും തമ്മിൽ കുടുംബ സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അച്ഛൻ വിജയനും മകൻ മനോജും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു.
ഇതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപതകത്തിലേക്ക് എത്തിയത്. സൃഷ്ടിയും സംഹാരവും ഒരേ കരങ്ങളാൽ എന്ന പോലെ ജന്മം നൽകിയ അച്ഛൻ തന്നെ മകനെ നിർദാക്ഷണ്യം കുത്തികൊന്നു. കറിക്കത്തി ഉപയോഗിച്ച് മനോജിൻറെ നെഞ്ചിലാണ് കുത്തിയത്.
കൊലയ്ക്ക് ശേഷം വിജയൻ തൊട്ടടുത്ത ഫോറസ്റ്റ് ഓഫീസിലെത്തി കീഴടങ്ങി. പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇയാളെ നെയ്യാർഡാം പൊലീസിന് കൈമാറുകയായിരുന്നു. കൂലിപ്പണിക്കാരനാണ് കൊല്ലപ്പെട്ട മനോജ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരു മെഡിക്കൽ കോളേജിലേക്ക് മാറ്റി.