1. പ്രതി, 2 എഐ ചിത്രം
തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വയോധികനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിനതടവ് വിധിച്ച് കൊല്ലം ഫോർത്ത് അഡിഷണൽ സെഷൻസ് കോടതി. കൊല്ലം തഴവ സ്വദേശി തുളസീധരനെയാണ് (64) പട്ടാപ്പകൽ തഴവ ബി.കെ ഭവനിൽ പാക്കരൻ ഉണ്ണി എന്ന് അറിയപ്പെടുന്ന പ്രദീപ് (34) കുത്തിക്കൊന്നത്.
ജീവപര്യന്തം കഠിനതടവിന് പുറമേ പ്രദീപ് രണ്ട് ലക്ഷം രൂപ പിഴയായി അടക്കുകയും വേണം. പിഴത്തുക തുളസീധരന്റെ ഭാര്യ തങ്കമണിക്ക് നൽകാനും വിധിയിൽ പറയുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി അധികതടവ് ലഭിക്കും.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവദിവസം ഉച്ചക്ക് 12.45ന് ശേഷം സമീപവാസിയായ രാമചന്ദ്രൻ പിള്ളയുടെ വീട്ടിലെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന തുളസീധരനെ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രദീപ് വീടിന് വെളിയിലേക്ക് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു. 'നീ എന്നെപ്പറ്റി അപവാദം പറയുമോടോ' എന്ന് ചോദിച്ച് കത്തി ഉപയോഗിച്ച് കൈയിലും നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു.
സാരമായി പരുക്കേറ്റ തുളസീധരനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ വി.ബിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.