'എന്നെ ശിക്ഷിച്ചാൽ മേല്‍ കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കും'. സീരിയൽ കില്ലറായ തമിഴ്നാട് സ്വദേശി രാജേന്ദ്രൻ (42) വാദത്തിനിടെ കോടതിയിൽ പറഞ്ഞ വാക്കുകളാണിത്. ചെയ്ത കൊലകലിൽ പശ്ചാത്തപമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, തെറ്റ് ചെയ്തിട്ടില്ലെന്നും, പശ്ചാത്താപമില്ലെന്നും ഉറച്ച മറുപടി. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് ഒടുവിൽ കോടതി വധശിക്ഷ തന്നെ വിധിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
ഓൺലൈൻ ട്രേഡിംഗിന് പണം ഒപ്പിക്കാനായിരുന്നു വിനീതയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. വിനീത കൊലക്കേസിൽ, പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും റിപ്പോർട്ട് കോടതി തേടിയിരുന്നു. അപകടകാരിയായ സീരിയൽ കില്ലറാണെന്നാണ് രാജേന്ദ്രനെപ്പറ്റിയുള്ള ജില്ലാ കളക്ടർ അനുകുമാരിയുടെയും സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെയും റിപ്പോർട്ട്.
പണം കിട്ടുമെന്നുറപ്പായാൽ ആരെക്കൊല്ലാനും മടിക്കാത്ത പ്രതി, പുറത്തിറങ്ങിയാൽ ഇനിയും നിരപരാധികൾ കൊല്ലപ്പെടാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തിരുന്നു. രാജേന്ദ്രന് മാനസിക പരിവർത്തനമുണ്ടാകാനുള്ള സാദ്ധ്യതടയക്കം 7 റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. തമിഴ്നാട്ടിലെ പാളയംകോട്ട ജയിൽ സൂപ്രണ്ട് കൊലക്കേസിവ്‍ നൽകിയത് അവ്യക്തമായ റിപ്പോർട്ടായിരുന്നു. ബാക്കി റിപ്പോർട്ടുകളെല്ലാം പ്രതിക്കെതിരായിരുന്നു. ഡോക്ടർമാരുടെ റിപ്പോർട്ടിൽ പ്രതിയെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. പ്രതിക്ക് മാനസാന്തരമുണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല.
തോവാള വെള്ളമഠം സ്വദേശിയും കസ്റ്റംസിലെ ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ 13-കാരിയായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്.