amit-arrest

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതി അമിത് ഉറാങ്ങിന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതില്‍ അന്വേഷണം. മൂന്നു വർഷമായി വിജയകുമാറിന്‍റെ വീട്ടിലും ഓഡിറ്റോറിയത്തിലും ഇയാൾ ജോലി ചെയ്തിരുന്നു. ഇതിനിടെയാണു വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതും ഇതുപയോഗിച്ചു പണം തട്ടിയെടുത്തതും. ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു. ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് വിലയിരുത്തുന്നു.

Read Also: തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി പിടിയില്‍; അമിത് പിടിയിലായത് മാളയില്‍ നിന്ന്

അതേസമയം, അമിതിനെ ജാമ്യത്തിൽ ഇറക്കിയതിനു പിന്നിൽ ഒരു സംഘമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടക്കുന്നതിനിടെ സ്ഥലത്ത് എത്തിയവരിൽ സംശയിക്കേണ്ട ആളുകൾ ഉണ്ടോയെന്നും പൊലീസ് നിരീക്ഷിച്ചിരുന്നു. അക്രമിക്കു മറ്റുള്ളവരുടെ സഹായം ലഭിച്ചെന്ന സംശയത്തിലായിരുന്നു നിരീക്ഷണം.

അമിത്തിന്‍റെ സഹോദരന് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ്  പറഞ്ഞു. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് 19 ആം തീയതി കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതി റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള ബിനോ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത് ഈ ലോഡ്ജിലെ 23 ആം നമ്പർ മുറിയിൽ ഇരുന്നാണ്. തുടർന്ന് ചൊവ്വാഴ്ച രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി കൊലപാതകം.

ദമ്പതികളെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ വിരൽ അടയാളങ്ങളും അമിത്തിന്‍റെ പഴയ ഫോൺ മോഷണ കേസിലെ വിരലടയാളങ്ങളും ഒത്തു വന്നതോടെയാണ് പ്രതി അമിത് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍റെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ കേസിലെ അന്വേഷണസംഘത്തിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

വിജയകുമാറിന്‍റെയും മീരയുടെയും വീട്ടിലെ ജോലിക്കാരനായിരുന്ന പ്രതി തൃശ്ശൂർ മാളയിൽ വച്ച് പൊലീസിന്‍റെ പിടിയിലായത്. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് പ്രതി പിടിയിലാകുന്നത്

കൊലപാതക വിവരം പുറത്തറിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ കൊലപാതകി അമിത് എന്ന് തിരിച്ചറിഞ്ഞ പൊലീസിന്‍റെ അതിവേഗത്തിലുള്ള നീക്കമാണ് കൊടുംകുറ്റവാളിയെ കുടുക്കിയത്. തൃശ്ശൂർ മാളയ്ക്കടുത്തുള്ള ആലത്തൂരിലെ ലേബർ ക്യാംപിന് സമീപത്തുള്ള കോഴിഫാമിൽ നിന്നാണ് പ്രതി അമിത് ഉറാങ്‌നെ പിടികൂടുന്നത്

പൊലീസിനെ കണ്ടതോടെ കാര്യം മനസ്സിലാക്കിയ അമിത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ഥലത്ത് വെച്ച് തന്നെ സാഹസികമായി പിടികൂടി. ക്രൂര കൊലപാതകം നടത്തിയ ശേഷം പ്രതി അമിത് സഹോദരൻ ജോലിചെയ്യുന്ന മാളയിലെ കോഴിഫാമിലേക്ക് പോവുകയായിരുന്നു. 

ENGLISH SUMMARY:

Migrant labourer accused in Kottayam twin murder arrested in Thrissur