ഇരുതലമൂരിയെ കടത്തിയ സംഭവത്തിൽ, ലക്ഷങ്ങൾ വാങ്ങി പ്രതികളെ രക്ഷിപ്പെടുത്താൻ ശ്രമിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർ കുടുങ്ങി. പ്രതികളിൽ നിന്ന് 1.45 ലക്ഷം കൈക്കൂലിയായി വാങ്ങിയ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയാണ് വിജിലൻസ് തെളിവ് സഹിതം കുടുക്കിയത്. സുധീഷ് കുമാർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കേയാണ് ഇരുതലമൂരിയെ കടത്തുന്നതിനിടെ പിടിയിലായ പ്രതികളെ രക്ഷിക്കാൻ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയത്.
കേസിൽ വനം വിജിലൻസിന്റെ ശുപാർശയിലാണ് നടപടി കൈക്കൊണ്ടത്. ഈ കേസിൽ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സുധീഷ് സസ്പെൻഷനിലായിരുന്നു. രണ്ട് മാസത്തിന് മുമ്പാണ് വീണ്ടും ഇദ്ദേഹം സർവീസിൽ തിരികെ കയറിയത്. 2023 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
ഇരുതലമൂരിയെ കടത്താനുപയോഗിച്ച സജിത്ത്, രാജ്പാൽ എന്നീ പ്രതികളെയും, ടയോട്ട ക്വാളിസ് വാഹനത്തെയും ഇദ്ദേഹം കസ്റ്റഡിയിലെടുത്തു. അതിന് ശേഷം കൈക്കൂലി വാങ്ങി ഇവരെ രക്ഷപെടുത്തി. രാജ്പാലിന്റെ ബന്ധു നൽകിയ ഒരുലക്ഷവും, സജിത്തിന്റെ സഹോദരിയുടെ ഗൂഗിൾ പേ വഴി അയച്ച 45,000 രൂപയും വനംവകുപ്പ് കണ്ടെത്തി. ഇതേത്തുടർന്നാണ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെയും ഡ്രൈവർ ദീപുവിനെയും സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ ഉത്തരവിലെ സാങ്കേതിക തകരാറ് ചൂണ്ടിക്കാട്ടി സുധീഷ് നൽകിയ ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സസ്പെൻഷൻ റദ്ദാക്കി. അങ്ങനെയാണ് രണ്ട് മാസത്തിന് മുമ്പ് സുധീഷ് ജോലിയിൽ പ്രവേശിച്ചത്.