തിരുവനന്തപുരം പോത്തൻകോട് ബാറിലുണ്ടായ സംഘർഷത്തിനിടെ രണ്ടുപേരെ വെട്ടിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ . അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ് , ബിനു എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ഞായറാഴ്ച രാത്രി പോത്തന്‍കോട് ബാറില്‍ നടന്ന സംഘര്‍ഷത്തിലെ പ്രതികളാണ് പൊലീസിന്‍റെ വലയിലായത്. വാവറയമ്പലം സ്വദേശി സജീവ് രാജ്, ഷിജിന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സജീവ്, ഷിജിൻ,മഹേഷ് എന്നിവര്‍ മദ്യപിക്കുന്നതിനിടെ തൊട്ടടുത്ത ടേബിളിലുണ്ടായിരുന്ന വിഷ്ണുവുമായി തര്‍ക്കമുണ്ടായി. ബാറില്‍ നിന്ന് മടങ്ങിപോയ വിഷ്ണു പത്തുമണിയോട് ശ്യംരാജ്, ബിനു എന്നിവരുമായി തിരികെ എത്തി ആക്രമിക്കുകയായിരുന്നു.
ഷിജിന്‍റെയും സജീവ് രാജിന്‍റെയും കൈയിലും കഴുത്തിലുമാണ് വെട്ടേറ്റത് . ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ പ്രതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. മൂന്നാമത്തെ പ്രതി വിഷ്ണു ഒളിവിലാണ്.