പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചെന്താമര മാത്രം പ്രതിയായ കേസില്‍ 117 സാക്ഷികളും മുപ്പതിലേറെ തെളിവുകളും ശാസ്ത്രീയ പരിശോധനാഫലവും നിര്‍ണായകമാകും. ജനുവരി ഇരുപത്തിഏഴിനാണ് വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

 

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ട യുവാവ് ഉള്‍പ്പെടെ 117 സാക്ഷികള്‍. എട്ട് സാക്ഷികളുടെ രഹസ്യമൊഴി. മുപ്പതിലേറെ രേഖകള്‍. ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്‍റെയും, ലക്ഷ്മിയുടെയും രക്തം പതിഞ്ഞതിന്‍റെ ഉള്‍പ്പെടെ ഫൊറന്‍സിക് പരിശോധന ഫലം. ആയുധത്തിലെ വിരലടയാളം തുടങ്ങി നിര്‍ണായക തെളിവുകള്‍. പ്രധാന സാക്ഷികളെ സംഭവ സ്ഥലത്ത് എത്തിച്ച് കൊലപാതകമുണ്ടായ സമയത്തെ സാഹചര്യം അന്വേഷണസംഘം പുനസൃഷ്ഠിച്ച് പ്രത്യേക രൂപരേഖയുണ്ടാക്കി. കൊല്ലപ്പെട്ടവരുടെയും, പ്രതിയുടെയും, സാക്ഷികളുടെയും ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ ശേഖരിച്ചു. 

 

ജനുവരി 27 ന് രാവിലെ 9.58 നും 10.08 നുമിടയിലുള്ള പത്ത് മിനിറ്റ് നേരം കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ചെന്താമര അമ്മയെയും മകനെയും വകവരുത്തിയതെന്നും കുറ്റപത്രം. കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കുറ്റപത്രത്തിന്‍റെ അന്തിമഘട്ട വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. അടുത്തയാഴ്ച തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയും കുറ്റപത്രം പരിശോധിക്കും. അഞ്ഞൂറിലേറെ പേജുള്ള കുറ്റപത്രം കൊലപാതകം നടന്ന് അന്‍പത് ദിവസം കഴിയും മുന്‍പ് സമര്‍പ്പിക്കുന്നതിനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. കൊലപാതകത്തില്‍ ചെന്താമരയല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നും ആരും സഹായം ചെയ്തിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്

ENGLISH SUMMARY:

The charge sheet in the Palakkad Nenmara double murder case will be filed within ten days. In the case in which Chenthamara is the only accused, 117 witnesses, more than thirty pieces of evidence and the results of scientific examination will be crucial. On January 27, Pothundi native Sudhakaran and his mother Lakshmi were hacked to death by their neighbor Chenthamara due to personal enmity.