വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാനസികനില എന്തെന്ന് മനസിലാകാത്ത അവസ്ഥയിലാണ് പൊലീസും ഡോക്ടര്‍മാരും ഉള്‍പ്പെടെ. കുടുംബത്തിലെ ആറുപേരെയും ആക്രമിച്ചതിനു ഓരോരോ കാരണങ്ങള്‍, എല്ലാം സ്വയം മെനഞ്ഞെടുത്തവ, കൊലപാതകത്തിനിടെ മദ്യപാനം, കടംവാങ്ങല്‍, കടംവീട്ടല്‍, കുളി, വസ്ത്രധാരണം, കുഴിമന്തി കഴിക്കല്‍, അങ്ങനെ ഒരു എത്തുംപിടിയും കിട്ടാത്ത മനോനിലയുടെ ഉടമ.
ഉമ്മയെയും വല്ല്യുമ്മയെയും മൂത്തുപ്പയെയും മൂത്തുമ്മയെയും കുഞ്ഞനുജനെയും കൊലപ്പെടുത്തിയെന്ന വിശ്വാസത്തിലാണ് അഫാന്‍ കൂട്ടുകാരി ഫര്‍സാനയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീടിന്റെ പിന്‍വാതിലൂടെയാണ് ഫര്‍സാനയെ വീട്ടിേലക്ക് കയറ്റിയത്. സ്വന്തം മുറിയിലിരിക്കാമെന്ന് പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി, കസേരയിലിരിക്കാന്‍ പറഞ്ഞു, ശേഷം താന്‍ അന്നത്തെ ദിവസം ചെയ്തുകൂട്ടിയ ക്രൂരത ഒരു കൂസലുമില്ലാതെ ഒന്നൊന്നായി ഫര്‍സാനയെ ധരിപ്പിച്ചു, എല്ലാം കേട്ട് ഞെട്ടിത്തരിച്ച ഫര്‍സാന അഫാനോട് ആദ്യം ചോദിച്ച ചോദ്യം, അയ്യോ ഇനി നമ്മള്‍ എങ്ങനെ ജീവിക്കുമെന്നാണ്, നമ്മള്‍ ജീവിക്കില്ലല്ലോയെന്ന് മനസില്‍ അഫാന്‍ മറുപടി പറഞ്ഞുകൊണ്ടാവും അടുത്ത നിമിഷത്തില്‍ പ്രിയകൂട്ടുകാരിയുടെ തലയോട്ടിയിലേക്ക്, അവള്‍ കാണാതെ മാറ്റിവച്ച ചുറ്റിക കൊണ്ട് ആഞ്ഞുതല്ലിയത്. മുഖത്തിന്റെ ഒരുവശം മൊത്തം തകര്‍ന്ന നിലയിലായിരുന്നെന്ന് പൊലീസുകാര്‍ പറഞ്ഞു.
കൂട്ടുകാരി ഒറ്റയ്ക്കാകുമെന്നും മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമെന്നും ഭയന്നാണ് ആ ക്രൂരകൃത്യം ചെയ്തതെന്നാണ് അഫാന്റെ മൊഴി. പണം തരാത്തതിന് ഉമ്മയെയും മാല തരാത്തതിനു വല്ല്യുമ്മയെയും വകവരുത്തി. കടബാധ്യതയുടെയും പ്രണയത്തിന്റെയും പേരിൽ കുറ്റപ്പെടുത്തിയതിനൊപ്പം കടം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചതാണ് ഉപ്പയുടെ ചേട്ടന്‍ ലത്തീഫിനോടുള്ള വൈരാഗ്യം. എന്നാൽ ഭാര്യ സാജിത ബീഗത്തെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല. കൊലപാതക വിവരം പുറത്തറിയുമെന്നതിനാലാണ് കൊല്ലേണ്ടി വന്നതെന്നും അഫാന്‍ വിശദീകരിച്ചു.
അഫാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിൽ ഇന്ന് തീരുമാനമായേക്കും. കടത്തിന് കാരണമെന്ന് പറഞ്ഞ് അമ്മയെ നിരന്തരം പരിഹസിച്ചതാണ് വല്യമ്മയോടുള്ള വൈരാഗ്യകാരണമെന്നാണ് മൊഴി. അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. കൂട്ടക്കൊലയിൽ നിന്ന് രക്ഷപെട്ട അഫാന്റെ ഉമ്മ ഷെമീനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.