സിഗരറ്റ് വലിച്ച് പുക ഊതിവിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്ത യുവാവ് പിടിയില്‍. കൊല്ലം ജില്ലയിലെ ചവറയിലാണ് സംഭവം. ഒളിവിൽ കഴിയവേ നീണ്ടകര സ്വദേശി ശ്യാം പ്രകാശിനെയാണ് (34) ചവറ പൊലീസ് പിടികൂടിയത്.
2024 ഡിസംബർ ഇരുപതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നീണ്ടകര വെളുത്തുരുത്ത് ബിവറേജ് ഔട്ട്‌ലെറ്റിന് പുറത്ത് നിന്ന ശ്യാം പ്രകാശ് സിഗററ്റ് വലിച്ച് പുക സ്ഥാപനത്തിനകത്തേക്ക് ഊതിവിടുകയായിരുന്നു. ഇത് അവിടുത്തെ ജീവനക്കാരിയായ യുവതി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് യുവതിക്ക് നേരെ വാക്കേറ്റം നടത്തുകയായിരുന്നു.
യുവതി നൽകിയ പരാതിയിൽ ചവറ പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ചവറ സി.ഐ എം. ഷാജഹാൻ, എസ്.ഐ അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.