പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പിഡനത്തിനിരയാക്കിയ സംഭവത്തില്‍ കൊച്ചച്ഛന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. 2017ല്‍ തിരുവനന്തപുരം ജില്ലയിലെ കല്ലറ മുതുവിളയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
കൊടുമൺ കുന്നും പുറത്ത് വീട്ടിൽ കൃഷ്ണൻ ആശാരിയുടെ മകൻ രാജീവ് (26) ആണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. നാലു വർഷത്തിലധികമായി നീണ്ടു നിന്ന കേസ് വിസ്താരത്തിൽ 16 സാക്ഷികളെയാണ് വിസ്തരിച്ചത്. 14 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
കുട്ടിക്ക് മിഠായി കൊടുത്ത് പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി നല്‍കുന്ന പിഴത്തുക ഇരക്ക് നൽകണമെന്ന് കോടതി വിധിച്ചു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിതാ ഷൗക്കത്തലി ഹാജരായി.