തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആൺ സുഹൃത്ത് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചത് പ്രണയപ്പകയെ തുടര്‍ന്നെന്ന് യുവാവിന്‍റെ മൊഴി. വെൺപകൽ സ്വദേശി സൂര്യയെ വെട്ടിയ കൊടങ്ങാവിള സ്വദേശി സച്ചുവെന്ന വിപിൻ ഇന്നലെ വൈകിട്ടാണ് പിടിയിലായത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സൂര്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇന്നലെ രാവിലെ സൂര്യയുടെ വീടിന്‍റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. ഇയാൾ തന്നെ യുവതിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ച് കടന്നു കളഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അടുത്ത കാലത്ത് സൂര്യ പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
വീട് മുഴുവന്‍ ചോര തളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം വീട്ടില്‍ കഴിയുന്ന സൂര്യ നേരത്തെ സച്ചുവുമായി അടുപ്പത്തിലായിരുന്നു. ഇയാളുടെ സ്വഭാവ ദൂഷ്യം മനസിലാക്കിയ യുവതി അകല്‍ച്ച കാട്ടിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. യുവാവും വിവാഹിതനാണ്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.