Photo courtesy : AI
ബവ്റിജസ് ഷോപ്പിന് മുന്നില്‍ വണ്ടി പാർക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തില്‍ യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച പ്രതികള്‍ പിടിയില്‍. കൊല്ലം കല്ലുവാതുക്കലാണ് സംഭവം. കല്ലുവാതുക്കൽ ശ്രീരാമവിലാസം വീട്ടിൽ വിഷ്ണു (33), ചിറക്കര ഹരിതശ്രീയിൽ ശരത്ത് (33) എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലുവാതുക്കലിലെ ബവ്റിജസ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ പാരിപ്പള്ളി സ്വദേശി വീനസിനെയും സുഹൃത്തുക്കളേയുമാണ് പ്രതികൾ മർദ്ദിച്ചത്. ശരിയായ രീതിയിലല്ല വാഹനം പാർക്ക് ചെയ്തിരിക്കുന്നതെന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ ഇവരെ ചോദ്യം ചെയ്തത്. വാക്കേറ്റം കൈയ്യേറ്റത്തിലേക്ക് മാറിയതോടെ, പ്രതികൾ ബിയര്‍ കുപ്പിയും തടിക്കഷണവും ഉപയോഗിച്ച് വീനസിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയുമായിരുന്നു. മാത്രമല്ല യുവാവിന്‍റെ വാഹനം ഇവര്‍ അടിച്ച് തകർക്കുകയും ചെയ്തു
ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച ശേഷം, നിലത്തിട്ട് ചവിട്ടുകയും തടിക്കഷണം കൊണ്ട് തലയുടെ പിന്നിൽ അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. യുവാക്കള്‍ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.