പാലക്കാട് പരുതൂർ ഹൈസ്കൂളിൽ സഹപാഠിക്ക് വെടിയേറ്റ സംഭവത്തിൽ വിദ്യാർത്ഥി മനഃപൂർവം വെടിവച്ചതല്ലെന്നും അബദ്ധം പറ്റിയതാണെന്നും തൃത്താല പൊലീസ് വ്യക്തമാക്കി. രാവിലെ 11.45ഓടെയായിരുന്നു സംഭവം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് കൗതുകത്തിന് സഹപാഠികളെ കാണിക്കാനായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബാഗിൽ കരുതി സ്കൂളിലെത്തിക്കുകയായിരുന്നുവെന്നും, അധ്യാപകനില്ലാത്ത സമയത്ത് കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ വെടിപൊട്ടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

ആദ്യ വെടി ചുമരിലേക്കാണ് പതിച്ചത്. രണ്ടാമത്തെ തവണ ട്രിഗർ വലിച്ചപ്പോഴാണ് സഹപാഠിയുടെ വലതുഭാഗത്ത് തോളെല്ലിന് താഴെയായി വെടിയേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബുള്ളറ്റ് നീക്കം ചെയ്തു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പല അഭ്യൂഹങ്ങളും ഉയർന്നെങ്കിലും കുട്ടിയെയും വീട്ടുകാരെയും ചോദ്യം ചെയ്തതോടെയാണ് അബദ്ധത്തിലാണ് വെടിയേറ്റതെന്ന് വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. തോക്കിൽ മൂന്ന് തിരകൾ ബാക്കിയുണ്ടായിരുന്നുവെന്നും, കുറച്ചുകാലമായി ഉപയോഗിക്കാതിരുന്ന തുരുമ്പെടുത്ത പഴയ നാടൻ കൈത്തോക്കാണിതെന്നും ബാലിസ്റ്റിക് വിദഗ്ധർ പരിശോധനയിൽ കണ്ടെത്തി.

കുട്ടിയെ നാളെ വീട്ടുകാർക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് തൃത്താല പൊലീസ് അറിയിച്ചു. ലൈസൻസില്ലാത്ത തോക്ക് പരമ്പരാഗതമായി കൈമാറി വന്നതാണോ അതോ എങ്ങനെയാണ് വീട്ടിലെത്തിയതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കുട്ടിയും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സഹോദരങ്ങൾ പുറത്താണ്. ലൈസൻസില്ലാത്ത തോക്ക് നിയമവിരുദ്ധമായി കൈവശം വെച്ചതിന് വീട്ടുകാർക്കെതിരെ കേസെടുക്കും.

ENGLISH SUMMARY:

Thrithala police stated that a Class 9 student at Paruthur High School in Palakkad accidentally shot a classmate around 11.45 a.m. while playing without a teacher present, after bringing a home-stored gun in his bag out of curiosity.