തൃശൂർ പെരിഞ്ഞനം വെസ്റ്റ് മാളിയേക്കൽ ശ്രീഗണപതി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി ‘ചില്ലറ’ക്കാരനല്ല. ചില്ലറത്തുട്ടുകൾ ഉപേക്ഷിച്ച്, മൂല്യമേറിയ നോട്ടുകൾ മാത്രമാണ് മോഷ്ടിച്ചത്. കൗതുകം നിറഞ്ഞ ഈ മോഷണം നടത്തിയത് ആരെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിനകത്തെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന 20, 10 രൂപ നോട്ടുകളും ചില്ലറ നാണയങ്ങളും ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 50, 100, 500 രൂപ നോട്ടുകൾ മാത്രമാണ് മോഷ്ടാവ് കവർന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 5.50 ഓടെ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
അതേസമയം, ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ മുകളിലേക്ക് തിരിച്ചു വെച്ച നിലയിലായിരുന്നു. മോഷണത്തിന് മുമ്പ് ദൃശ്യങ്ങൾ മറയ്ക്കാനായി ക്യാമറകൾ തിരിച്ചു വെച്ചതാണെന്നാണ് സംശയം. സംഭവത്തിൽ കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.