ആരുമില്ലാത്ത വയോധികന് തുണയായി മനോരമ ന്യൂസ് വാർത്ത. തൃശൂർ മുളയത്ത് അവശനിലയിൽ ഒറ്റമുറി ഷെഡിൽ കഴിഞ്ഞിരുന്ന കൃഷ്ണൻകുട്ടിയെ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. കൃഷ്ണൻകുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മനോരമ ന്യൂസ് റിപ്പോർട്ടിന് പിന്നാലെയാണ് കൃഷ്ണന്‍കുട്ടിയുടെ ദുരിതജീവിതത്തിന് ഒടുവിൽ ആശ്വാസമാകുന്നത്.

തകരഷീറ്റുകൾക്കിടയിലെ ഇരുണ്ട മുറിയിൽ, ചലനശേഷി നഷ്ടപ്പെട്ട്, വേദനകൾ ആരോടും പറയാനാകാതെ കൃഷ്ണൻകുട്ടി തള്ളി നീക്കിയത് നരകതുല്യമായ ദിവസങ്ങളാണ്. കുടുംബം  ഉപേക്ഷിച്ചിട്ട് മാസങ്ങളായി. വെളിച്ചമോ ശുചിമുറിയോ ഇല്ലാത്ത ഒറ്റമുറി ഷെഡിൽ കഴിഞ്ഞത് ആരും അറിഞ്ഞില്ല.

മാലിന്യങ്ങൾക്കിടയിൽ, കിടക്കയിൽനിന്ന് എഴുന്നേൽക്കാനാകാതെ കഴിഞ്ഞ അറുപതുകാരന്റെ ദുരിതം ഇന്നലെ മനോരമ ന്യൂസ് ലോകത്തെ അറിയിച്ചു. തുടർന്ന് സാമൂഹ്യനീതി വകുപ്പ് ഇടപെടുകയായിരുന്നു. കൗൺസിലർ വിവരമറിയിച്ചതിന് തുടർന്ന് 108 ആംബുലൻസ് എത്തി, കൃഷ്ണൻകുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ കാര്യങ്ങൾ വിലയിരുത്തി ആശുപത്രിയിൽ നിന്ന് സാമൂഹ്യ നീതി വകുപ്പ് വയോധികനെ ഏറ്റെടുക്കും.

ENGLISH SUMMARY:

Following a Manorama News report highlighting his plight, the Social Justice Department has stepped in to take care of Krishnankutty, a 60-year-old abandoned and bedridden man living in pathetic conditions in Mulayam, Thrissur.