കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. രണ്ട് നൈജീരിയൻ സ്വദേശികളും ഒരു നാഗാലാൻഡ് സ്വദേശിനിയുമാണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് അറസ്റ്റിലായത്. പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രദേശവാസികളായ നൈജീരിയൻ സ്വദേശികൾ വളഞ്ഞതോടെ നാടകീയ രംഗങ്ങൾക്കാണ് തിരുപ്പൂർ സാക്ഷിയായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യാന്തര ലഹരിക്കടത്ത് ശൃംഖലയുടെ നിർണായക കണ്ണികൾ പിടിയിലായത്. നൈജീരിയൻ സ്വദേശികളായ കിംഗ്സ്ലി വി. ഗോചുക്വു, അമോസ് ഇകെചുക്വാൻ, നാഗാലാൻഡ് സ്വദേശിനി സെൻസാലി കികോൺ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബർ 12-നായിരുന്നു കേസിന്റെ തുടക്കം. കൈപ്പമംഗലം ചളിങ്ങാട് 39.390 ഗ്രാം എം.ഡി.എം.എയുമായി പെരിഞ്ഞനം സ്വദേശികളായ മിൻഷാദിനെയും ഷജിലിനെയും പൊലീസ് പിടികൂടി. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന മുഖ്യകണ്ണികളെ കണ്ടെത്താൻ നടത്തിയ അന്വേഷണമാണ് തിരുപ്പൂരിലെ അന്താരാഷ്ട്ര ലഹരിമാഫിയയിലേക്ക് എത്തിയത്. വസ്ത്ര കയറ്റുമതി കമ്പനിയുടെ മറവിലായിരുന്നു ലഹരിനിർമാണവും വിതരണവും. നൈജീരിയൻ സ്വദേശിയായ കിംഗ്സ്ലി തിരുപ്പൂർ ആസ്ഥാനമായി വസ്ത്ര ഇറക്കുമതി-കയറ്റുമതി കമ്പനി നടത്തിവരികയായിരുന്നു. ഇതിന്റെ മറവിൽ കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വൻതോതിൽ എം.ഡി.എം.എ കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
തിരുപ്പൂരിലെ ഇടുവായ് പാളയത്തായിരുന്നു പ്രതികളുടെ ഒളിത്താവളം. നൈജീരിയൻ സ്വദേശികൾ കൂട്ടമായി താമസിക്കുന്നതും മുന്തിയ ഇനം നായ്ക്കൾ കാവൽ നിൽക്കുന്നതുമായ പ്രദേശം. പൊലീസെത്തിയതോടെ പ്രതികൾ മുറിക്കുള്ളിൽ കയറി വാതിലടച്ചു. കൈവശമുണ്ടായിരുന്ന എം.ഡി.എം.എയും ലഹരിനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ബാത്ത്റൂമിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ജനൽ തകർത്താണ് പൊലീസ് അകത്തുകടന്നത്. അക്രമാസക്തരായ പ്രതികളെ കീഴടക്കുന്നതിനിടെ ഇവരെ രക്ഷപ്പെടുത്താൻ പ്രദേശവാസികളായ നൈജീരിയൻ സ്വദേശികൾ പൊലീസ് സംഘത്തെ വളഞ്ഞു. ഇവരെ തോക്കിൻമുനയിൽ നിർത്തിയാണ് പ്രതികളുമായി അന്വേഷണസംഘം അവിടെ നിന്നും മടങ്ങിയത്.