prathy-police-arrest-after-long-years

TOPICS COVERED

വാഹനാപകടത്തിൽ രണ്ടുപേർ മരിച്ച കേസിൽ 16 വർഷമായി തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആലപ്പുഴ പട്ടണക്കാട് പൊലീസ് പിടികൂടി. കോട്ടയം നാട്ടകം സ്വദേശി രജീഷ് ഓമനക്കുട്ടൻ ആണ് പിടിയിലായത്. പ്രതിയെ പിന്തുടർന്നാണ് പൊലീസ് സംഘം തണ്ണീർമുക്കം ബണ്ട് റോഡിൽ വച്ച് കീഴടക്കിയത്. തുടർനടപടികൾക്കായി പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.

2010-ൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തുമ്പോളി ഭാഗത്തായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. പ്രതി ഓടിച്ചിരുന്ന വാഹനം ഇടിച്ച് ഷണ്മുഖൻ, ട്രേസി എന്നിവരാണ് മരിച്ചത്. രണ്ട് ജീവനുകൾ പൊലിഞ്ഞ ദുരന്തത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി, വ്യാജ പേരും വിലാസവും ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.16 വർഷം നീണ്ട ഒളിവുജീവിതത്തിനിടെ പ്രതി തമിഴ്നാട്ടിലാണ് ഏറെയും കഴിഞ്ഞത്. പല തവണ വേഷം മാറിയും സ്ഥലം മാറിയും പൊലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു ഇയാൾ.

ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പ്രതി പട്ടണക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം അന്വേഷണം ആരംഭിച്ചത്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ചങ്ങനാശ്ശേരി, തിരുവല്ല, പാലാ, ഈരാറ്റുപേട്ട, വാഗമൺ, കുമളി വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചു.പട്ടണക്കാട് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഗമൺ, കുമളി പൊലീസ് സ്റ്റേഷനുകൾ അതിർത്തികളിൽ പരിശോധന ശക്തമാക്കി. മലയോര മേഖലയിൽ നിന്ന് തിരിച്ചിറങ്ങിയ പ്രതി കല്ലറ - വെച്ചൂർ റോഡ് വഴി രക്ഷപ്പെടാൻ ശ്രമിച്ചു. ഏകദേശം 300 കിലോമീറ്ററോളം പിന്തുടർന്ന പട്ടണക്കാട് പൊലീസ് സംഘം ഒടുവിൽ തണ്ണീർമുക്കം ബണ്ട് റോഡിൽ വച്ച് പ്രതി സഞ്ചരിച്ച വാഹനം തടഞ്ഞു സാഹസികമായി കീഴടക്കുകയായിരുന്നു. പട്ടണക്കാട്, വാഗമൺ, കുമളി പൊലീസ് സ്റ്റേഷനുകളുടെ ഏകോപനവുമാണ് 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ സഹായിച്ചത്.