പതിനാറ് വയസുള്ള പെണ്‍കുട്ടി.. ഭാഷയൊന്നുമറിയാത്ത, സഹായിക്കാന്‍ ആരുമില്ലാത്ത അന്യനാട്ടില്‍.. പുറംലോകം കാണിക്കാതെ ഒരു കെട്ടിടത്തില്‍ താമസിപ്പിച്ച് ലൈംഗികമായി ഉപദ്രവത്തിന് ഇരയായത് രണ്ട് മാസത്തോളം.. പെണ്‍കുട്ടിയെ ചൂഷണം ചെയ്തും പീഡിപ്പിച്ചിട്ടും കടന്ന് പോയത് പത്തിലേറെപ്പേര്‍.. ആ കുട്ടി നേരിട്ട ഓരോ ഉപദ്രവത്തിനും കണക്ക് പറഞ്ഞ് കമ്മീഷന് എണ്ണി വാങ്ങിച്ചത്, ആ കുട്ടിയെ സംരക്ഷിക്കേണ്ടിയിരുന്ന ഇളയമ്മയും അവരുടെ ഭര്‍ത്താവും. ഇത്രത്തോളം ക്രൂരമാണ് കോവളം സ്പാ പീഡനത്തിന്റെ പിന്നാമ്പുറം. കഴിഞ്ഞ ദിവസം ആ കുട്ടിയുടെ വിശദ മൊഴിയെടുത്തതോടെ പീഡനത്തിന്റെ വ്യാപ്തി ഏറുകയാണ്. കോവളത്ത് തുടങ്ങിയ പീഡനം ചുരം കയറി വയനാട്ടിലുമെത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍.
ആന്ധ്രാസ്വദേശിനിയാണ് പെണ്‍കുട്ടി. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചുപോയി. അമ്മയുടെ സഹോദരിയായിരുന്നു പിന്നീടുള്ള ആശ്രയം. അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം വളര്‍ത്തി. അങ്ങനെ നഷ്ടപ്പെട്ടുപോയ ജീവിതം തിരികെ കിട്ടുന്നൂവെന്ന് ആ കുട്ടി സ്വപ്നം കണ്ട് തുടങ്ങിയ സമയത്താണ് സെക്സ് മാഫിയയുടെ വലയിലേക്ക് എടുത്തെറിയപ്പെടുന്നത്.
പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിക്ക് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സെക്സ് മാഫിയാ സംഘവുമായി ബന്ധമുണ്ടായിരുന്നു. അവരാണ് കുട്ടിയെ സംഘത്തിന് കൈമാറിയത്. ഇളയമ്മയുടെ ഭര്‍ത്താവ് പണവും വാങ്ങി. സെക്സ് മാഫിയാ സംഘം പെണ്‍കുട്ടിയെ ആദ്യം കൊണ്ടുപോയത് ചെന്നൈയിലേക്ക്. അവിടത്തെ സ്പായില്‍ രണ്ട് മാസം. പിന്നീടാണ് കോവളത്തെ സ്പായിലെത്തിക്കുന്നത്.
കോവളത്തെ സ്പായിലെത്തിയ ശേഷം നേരിട്ട പീഡനത്തിന്റെ വിവരങ്ങളാണ് പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. മസാജിങ്ങിന്റെ മറവിലെ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി സമ്മതിക്കുന്നൂവെന്ന് ഉറപ്പിക്കാനായി ഇളയമ്മയും ഭര്‍ത്താവും സ്പായിലെ ജോലിക്കാരെന്ന വ്യാജേന അവിടെ തന്നെ താമസിച്ചു. ലൈംഗിക ചൂഷണത്തെ എതിര്ത്തപ്പോളെല്ലാം ക്രൂരമായി ഉപദ്രവിച്ചു. മെഴുകുതിരികൊണ്ട് പൊള്ളിച്ചു. ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളാണ് വൈദ്യപരിശോധനയില്‍ കണ്ടത്. അതെല്ലാം പീഡനത്തെ എതിര്‍ത്തപ്പോള്‍ സ്വന്തം അമ്മയുടെ സഹോദരി നടത്തിയ ഉപദ്രവത്തിന്റെ അടയാളങ്ങള്‍.
സ്പായിലെത്തിയ ശേഷം ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് നടത്തിപ്പുകാരനായ സജിത്തായിരുന്നു. സ്പായിലെത്തിച്ചതിന്റെ മൂന്നാം ദിവസം. പിന്നീട് മറ്റൊരു നടത്തിപ്പുകാരനായ നിശാന്തും ഇതേ പീഡനം തുടര്‍ന്നു. അതിന് ശേഷം ഇരുവരും കസ്റ്റമറെ തേടിയിറങ്ങി. സ്പായുടെ മറവില്‍ പീഡന കേന്ദ്രം. അവരുടെയെല്ലാം മുന്‍പിലേക്ക് ഈ പെണ്‍കുട്ടിയെ എറിഞ്ഞുകൊടുത്തെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തല്‍. സ്ഥിരമായി സ്പായിലെത്തിയിരുന്നവരുടെ പട്ടിക തയാറാക്കി. 16 പേരാണ് ആ പട്ടികയിലുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ആ പട്ടികയിലുണ്ട്. അവരെ കണ്ടെത്തി പെണ്‍കുട്ടിയുടെ മുന്‍പിലെത്തിച്ച് തിരിച്ചറിയില്‍ പരേഡ് നടത്താനാണ് പൊലീസിന്റെ തീരുമാനം. അതില്‍ ഉപദ്രവിച്ചവരുണ്ടെങ്കില് അവരും പോക്സോ കേസില്‍ പ്രതിയാകും.
കോവളത്തും വിഴിഞ്ഞത്തുമായി മൂന്ന് സ്പാകളിലാണ് പെണ്‍കുട്ടിയെ കൊണ്ടുനടന്നതും കാഴ്ചവെച്ചതും. എന്നാല്‍ അവിടെ മാത്രം ഒതുങ്ങുന്നില്ല പീഡനകേന്ദ്രങ്ങള്‍. പെണ്‍കുട്ടിയെ വയനാട്ടിലേക്കും കൊണ്ടുപോയി. വൈത്തിരിയിലെ ഒരു ത്രീ സ്റ്റാര്‍ ബാര്‍ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. സജിത്തായിരുന്നു അതിനും ചുക്കാന്‍ പിടിച്ചത്. ആ ബാറില്‍ സ്പാ ഏറ്റെടുത്ത് നടത്തുകയായിരുന്നു ലക്ഷ്യം. അതിനായി നാല് ദിവസം പെണ്‍കുട്ടിയെ അവിടെ കൊണ്ടുപോയി താമസിപ്പിച്ചു. ഈ പതിനാറുകാരിയെ കൂടാതെ പ്രായപൂര്‍ത്തിയായ മൂന്ന് യുവതികളെയും സജിത്ത് അവിടെയെത്തിച്ചു. പക്ഷെ നാലാം ദിവസം പെണ്‍കുട്ടിയുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു. വയനാട്ടില്‍ കാര്യമായി കസ്റ്റമറെ കിട്ടിയില്ലെന്നാണ് അവിടത്തെ ബിസിനസ് വേഗത്തില്‍ അവസാനിപ്പിച്ച് പെണ്‍കുട്ടിയുമായി മടങ്ങിയതിന് സജിത്ത് പറയുന്ന വിശദീകരണം.
പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്. പീഡനങ്ങളില്‍ നിന്ന് പീഡനങ്ങളിലേക്ക്, കച്ചവട സാധനം പോലെ കൈമാറ്റപ്പെട്ടിരുന്ന ആ കുട്ടിക്ക് ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. തുടര്‍ച്ചയായ കൗണ്‍സിലിങ്ങുകള്‍ നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതിന് ശേഷമാവും കൂടുതല്‍ മൊഴികളെടുക്കുക. അപ്പോള്‍ പീഡനത്തിന്റെ വ്യാപ്തിയും, ക്രൂരത കാട്ടിയവരുടെയെണ്ണവും ഉയരുമോയെന്ന് അറിയാനാണ് പൊലീസ് കാത്തിരിക്കുന്നത്.