sarthak-sanchalika

സാര്‍ഥക് സര്‍ക്കാര്‍ (ഇടത്ത്), സഞ്ചാലിക ബാസു (വലത്ത്)

  • കൊല്‍ക്കത്ത ഫര്‍ത്താബാദിലെ ഫ്ലാറ്റില്‍ 25–കാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ ലിവ്–ഇന്‍ പങ്കാളി വെട്ടിക്കൊന്നു. നിയമവിദ്യാര്‍ഥിനി സഞ്ചാലികയാണ് കൊലപാതകം നടത്തിയത്. സഞ്ചാലികയെയും ഒപ്പമുണ്ടായിരുന്ന അമ്മ മൗമിത ബാസുവും അറസ്റ്റില്‍

ഞായറാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്ത ഫര്‍ത്താബാദിലെ അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിലെ ഫ്ലാറ്റില്‍ നിന്ന് ഒരു യുവതി അലറിക്കരഞ്ഞുകൊണ്ട് പുറത്തേക്കോടി. സഹായം തേടിയുള്ള നിലവിളിയായിരുന്നു അത്. അതുകേട്ട് ഫ്ലാറ്റിലേക്ക് ഓടിച്ചെന്നവര്‍ പക്ഷേ വിറച്ചുപോയി. ഫ്ലാറ്റിനുള്ളിലെ കട്ടിലില്‍ ചോരയില്‍ മുങ്ങിയ നിലയില്‍ ഒരു യുവാവിന്‍റെ ശരീരം! കഴുത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം.

ഇരുപത്തഞ്ചുകാരനായ സാര്‍ഥക് സര്‍ക്കാരാണ് കൊല്ലപ്പെട്ടത്. സാള്‍ട്ട്‍ലേക് സെക്ടര്‍ അഞ്ചില്‍ ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ബരാസത് സ്വദേശി. ഫര്‍ത്താബാദില്‍ ലിവ്–ഇന്‍–പങ്കാളി സഞ്ചാലികയ്ക്കൊപ്പമാണ് സാര്‍ഥക് താമസിച്ചിരുന്നത്. സഞ്ചാലികയുടെ അമ്മ മൗമിത ബാസുവും ഇവര്‍ക്കൊപ്പമായിരുന്നു താമസം.

‘അവളുടെ കരച്ചില്‍ കേട്ട് ഞങ്ങള്‍ ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. ആ പയ്യന്‍ കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നു. അവളുടെ കഴുത്തില്‍ നിറയെ അള്ളിപ്പറിച്ച പാടുകളും. മരണവെപ്രാളത്തില്‍ ചെയ്തതായിരിക്കാം’ – അയല്‍വാസിയായ സായന്‍ പാല്‍ പൊലീസിനോട് പറഞ്ഞു. നരേന്ദ്രപുര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

kolkata-techie-murder-flat

സാര്‍ഥക് സര്‍ക്കാരിന്‍റെ കൊലപാതകം നടന്ന കൊല്‍ക്കത്തയിലെ ഫ്ലാറ്റ്

പ്രാഥമികാന്വേഷണത്തില്‍ സഞ്ചാലികയാണ് സാര്‍ഥകിനെ വെട്ടിയതെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച അര്‍ധരാത്രിക്കുശേഷം സാര്‍ഥകും സഞ്ചാലികയും തമ്മില്‍ വഴക്കുണ്ടായി. ഒച്ചപ്പാടും ബഹളവും അയല്‍വാസികളും കേട്ടിരുന്നു. തര്‍ക്കം രൂക്ഷമായതോടെ സഞ്ചാലിക മൂര്‍ച്ചയേറിയ ആയുധം കൊണ്ട് സാര്‍ഥകിനെ വെട്ടി. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. തോളിലും കഴുത്തിനുമിടയില്‍ വെട്ടേറ്റ സാര്‍ഥകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

എന്തിന്‍റെ പേരിലാണ് സാര്‍ഥകും സഞ്ചാലികയും തമ്മില്‍ വഴക്കിട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സഞ്ചാലികയുടെ അമ്മ മൗമിതയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന സംശയത്തില്‍ അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച ആയുധം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന് ബറൂയിപുര്‍ ജില്ലാ പൊലീസ് മേധാവി അരവിന്ദ് കുമാര്‍ ആനന്ദ് പറഞ്ഞു.

sanchalika-mother-arrest

സാര്‍ഥക് കൊലക്കേസില്‍ അറസ്റ്റിലായ സഞ്ചാലികയും അമ്മയും പൊലീസ് വാഹനത്തില്‍

സ്വകാര്യ ലോ കോളജില്‍ നിയമവിദ്യാര്‍ഥിനിയാണ് സഞ്ചാലിക. സാര്‍ഥകും സഞ്ചാലികയും പരിസരവാസികളുമായി അധികം ഇടപഴകിയിരുന്നില്ലെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പലപ്പോഴും ഫ്ലാറ്റില്‍ നിന്ന് തര്‍ക്കങ്ങള്‍ കേള്‍ക്കാറുണ്ട്. പക്ഷേ ഇങ്ങനെയൊരു അവസാനം പ്രതീക്ഷിച്ചില്ലെന്ന് അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിലും പരിസരത്തും ഉള്ളവര്‍ പറയുന്നു.