‘സാറേയ്... അവനായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം... അവന്‍റെ കൂട്ടുകാരനെയായിരുന്നു വേണ്ടത്. അവനെ വിളിച്ചിട്ട് വരാത്തതുകൊണ്ടാണ് അഭിരാമിനെ അടിച്ചത്’... ശ്രീകാര്യം അഭിരാം കൊലപാതകത്തിലെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒന്നാം പ്രതിയായ പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞതാണിത്. കേസിലെ ആദ്യത്തെ ട്വിസ്റ്റായിരുന്നു ഇത്. അതായത് പ്രതികള്‍ കൊല്ലാന്‍ തീരുമാനിച്ചത് അഭിരാമിനെയെല്ല, അഭിരാമിന്‍റെ സുഹൃത്തായ മറ്റൊരു പതിനേഴുകാരനെയാണെന്ന കണ്ടെത്തല്‍. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം ഇങ്ങിനെയാണ്...
ഒന്നാം പ്രതിയുടെ പഴയ കാമുകി ഇപ്പോള്‍ അഭിരാമിന്‍റെ സുഹൃത്തുമായി അടുപ്പത്തിലാണ്. അത് പ്രതിക്ക് അഭിരാമിന്‍റെ സുഹൃത്തിനോടുള്ള വൈരാഗ്യത്തിന് കാരണമായി. അഭിരാമിന്‍റെ സുഹൃത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചു. നേരിട്ട് വിളിച്ചാല്‍ അഭിരാമിന്‍റെ സുഹൃത്ത് വരില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അഭിരാം അടുപ്പത്തിലാകാന്‍ ശ്രമിച്ചിരുന്ന, പ്രതിയുടെ ഇപ്പോഴത്തെ പെണ്‍സുഹൃത്തായ ആനന്ദയെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ആനന്ദയുടെ ഫോണില്‍ നിന്ന് ആനന്ദയെന്ന വ്യാജേന ഒന്നാം പ്രതി ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തി. അഭിരാമിനോട് തന്‍റെ സുഹൃത്തിനെയും വിളിക്കാന്‍ ആവശ്യപ്പെട്ടു. അഭിരാം വിളിച്ചിട്ടും സുഹൃത്ത് വരാതിരുന്ന ദേഷ്യത്തില്‍ അഭിരാമിനെ ആക്രമിച്ചു, ബെല്‍റ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു. ഇതാണ് ഇതുവരെ പൊലീസ് മനസിലാക്കിയ കൊലപാതകത്തിന്‍റെ തിരക്കഥ. എന്നാല്‍ അഭിരാമിന്‍റെ സുഹൃത്തിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. അഭിരാമിന് അവസാനനിമിഷം എന്ത് സംഭവിച്ചൂവെന്ന് കൃത്യമായി അറിയാവുന്ന സുഹൃത്തിന്‍റേത് വ്യത്യസ്തമായ മൊഴിയാണ്.
അഭിരാമിന്‍റെ ചേച്ചി പറഞ്ഞതുപോലെ രണ്ട് ശരീരവും ഒറ്റ മനസുമായി ജീവിച്ചവരായിരുന്നു അഭിരാമും സുഹൃത്തും. രണ്ട് വീട്ടുകാര്‍ക്കും അറിയാവുന്ന നല്ല കൂട്ടുകെട്ട്. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെ ഒന്നിച്ച് പഠിച്ചു. ഇക്കൊല്ലം, പ്ലസ് വണില്‍ മാത്രമാണ് അവര്‍ രണ്ട് സ്കൂളിലായത്. എന്നിട്ടും കൂട്ടുകെട്ടിന് ഒരു കുറവും വന്നില്ല. അവധി കിട്ടുമ്പോളെല്ലാം അഭിരാം സുഹൃത്തിന്‍റെ വീട്ടിലെത്തും. അല്ലങ്കില്‍ സുഹൃത്ത് അഭിരാമിന്‍റെ വീട്ടില്‍. രണ്ടുപേര്‍ക്കും രണ്ട് വീടും ഒരുപോലെയാണ്. പലപ്പോഴും ഭക്ഷണം പോലും അഭിരാം കഴിക്കുന്നത് സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ്. എന്തിനേറെ... ഇരുവരുടെയും ഇന്‍സ്റ്റഗ്രാമിന്‍റെയും ഫെയ്സ്ബുക്കിന്‍റെയുമെല്ലാം പാസ്‌വേര്‍ഡ് വരെ രണ്ടുപേര്‍ക്കും അറിയാം.
നവംബര്‍ 1 ഞായറാഴ്ച, അഭിരാം കൊല്ലപ്പെടുന്ന ദിവസം പതിവ് പോലെ രാവിലെ 10 മണിയോടെ അഭിരാം സുഹൃത്തിന്‍റെ വീട്ടിലെത്തി. സുഹൃത്തിന്‍റെ അച്ഛനും അമ്മയുമുണ്ടായിരുന്നു. അവരോടൊപ്പം വീട്ടിലെ ചില ജോലികളൊക്കെ ചെയ്തു. സുഹൃത്തിനൊപ്പം ഉച്ചവരെ അവിടെ ഇരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വിളിച്ചപ്പോള്‍, വീട്ടില്‍ പോകുവാണ് ഒരു മീറ്റിങ്ങുണ്ടെന്ന് പറഞ്ഞ്, ഉച്ചയ്ക്ക് ഒന്നരയോടെ അവിടെ നിന്നിറങ്ങി. പിന്നീടുള്ള 5 മണിക്കൂറുകളാണ് അഭിരാമിന്‍റെ അവസാന നിമിഷങ്ങള്‍.
ഈ നിമിഷങ്ങളില്‍ ഒപ്പമില്ലെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഏകദേശമെങ്കിലും അറിയാവുന്ന ഒരാള്‍ അഭിരാമിന്‍റെ സുഹൃത്താണ്. കാരണം. ആനന്ദയുമായി അഭിരാം ചാറ്റ് ചെയ്യുന്നതും അഭിരാം പോകുന്നത് അവളെ കാണാനാണെന്നും സുഹൃത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സുഹൃത്തിന്‍റെ മൊഴി അതീവ നിര്‍ണായകമാണ്. ആ പതിനേഴുകാരന്‍ പറയുന്നത് ഇങ്ങിനെയാണ്...
അഭിരാമിന്‍റെ മൃതദേഹം കണ്ട കാട്ടിലേക്ക് വരാനല്ല അഭിരാമിനോട് ചാറ്റിലൂടെ ആവശ്യപ്പെട്ടിരുന്നത്. പാങ്ങപ്പാറയില്‍ ആനന്ദയുടെ ബന്ധുവീടുണ്ട്. ആനന്ദ ആ വീട്ടിലുണ്ട്. ആ വീടിന്‍റെ പരിസരത്തേക്ക് വരാനായിരുന്നു ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ആനന്ദയെ കാണാനായി അഭിരാം പോയത്. ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ അഭിരാം വീട്ടില്‍ നിന്നിറങ്ങി. നടന്ന് ആനന്ദ പറഞ്ഞ പാങ്ങപ്പാറയിലേക്ക് പോയി.
മൂന്നരയോടെ ആനന്ദ ആവശ്യപ്പെട്ട സ്ഥലത്ത് അഭിരാമെത്തി. പക്ഷെ അവിടെ ആനന്ദയെ കണ്ടില്ല. അതോടെ മൂന്നേമുക്കാലായപ്പോള്‍ അഭിരാം സുഹൃത്തിനെ വിളിച്ചു. അവള്‍ ഇതുവരെ വന്നില്ലന്ന് പറഞ്ഞു. കുറച്ച് നേരം കൂടി കാത്ത് നില്‍ക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഈ ഫോണ്‍ വിളി കഴിഞ്ഞതോടെ അഭിരാമിന്‍റെ സുഹൃത്ത് മുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി.
അടുത്ത ഫോണ്‍ വരുന്നത് 4.15നാണ്, അപ്പോളും ആനന്ദ വന്നിരുന്നില്ല. കുറച്ച് നേരം കൂടി നോക്കാം. ഇനിയും വന്നില്ലങ്കില്‍ താന്‍ തിരിച്ചുവരുമെന്ന് അഭിരാം പറഞ്ഞു. മുടിവെട്ടാനായി താന്‍ കുളത്തൂര്‍ ഭാഗത്തുണ്ടെന്ന് സുഹൃത്തും പറഞ്ഞു. അങ്ങിനെയെങ്കില്‍ മുടിവെട്ടിക്കഴിഞ്ഞ് അവിടെ നില്‍ക്ക്, ഞാന്‍ വന്നിട്ട് നമുക്ക് ചായ കുടിക്കാന്‍ പോകാം. അമ്മ തന്ന പണം കയ്യിലുണ്ടെന്ന് പറഞ്ഞ് അഭിരാം ഫോണ്‍ വെച്ചു. അഭിരാമും ആത്മസുഹൃത്തും തമ്മിലുള്ള അവസാന ഫോണ്‍ വിളിയായിരുന്നു അത്.
മുടിവെട്ടിക്കഴിഞ്ഞ് സുഹൃത്ത് പലതവണ അഭിരാമിനെ വിളിച്ചു. ഫോണ്‍ ബെല്ലടിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ വൈകിട്ട് 5 മണികഴിഞ്ഞ് 4 മിനിറ്റായപ്പോള്‍ സുഹൃത്ത് അഭിരാമിന് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. നീ എവിടെ, ഫോണ്‍ എടുക്കു... അധികം വൈകാതെ മറുപടി വന്നു. ഞാന്‍ വിളിക്കാം... ഉടന്‍ വരാം... അതിന് ശേഷം അഭിരാമിന്‍റെ ഫോണില്‍ നിന്ന് വിളിയോ മെസേജോ വന്നില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായി. പിന്നീട് സുഹൃത്തിന് ലഭിക്കുന്ന ഫോണ്‍കോള്‍ എട്ട് മണിയായിട്ടും അഭിരാം വീട്ടില്‍ വന്നില്ലെന്ന് പറഞ്ഞുള്ള അഭിരാമിന്‍റെ അച്ഛന്‍റെ വിളിയാണ്. ഒടുവില്‍ സ്വന്തം കൂട്ടുകാരന്‍ തനിക്ക് വേണ്ടി കൊല്ലപ്പെട്ടെന്ന വാര്‍ത്തയും.
സുഹൃത്തിന്‍റെ ഈ വെളിപ്പെടുത്തലും പൊലീസിന്‍റെ ഇതുവരെയുള്ള കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. ഒപ്പം ഒട്ടേറെ ദുരൂഹതകളും. അഭിരാമിനോട് പ്രതികള്‍ക്ക് ദേഷ്യമില്ലെന്നും തന്നോടായിരുന്നു ദേഷ്യമെന്നും സുഹൃത്ത് സമ്മതിക്കുന്നുണ്ട്. ഒന്നാം പ്രതിയുടെ പഴയ കാമുകിയും താനും തമ്മിലുള്ള അടുപ്പമാണ് അതിന് കാരണമെന്നും സമ്മതിക്കുന്നു. ഇതിന്‍റെ പേരില്‍ രണ്ടാഴ്ച മുന്‍പും പ്രതി തന്നെയും അഭിരാമിനെയും അടിക്കാന്‍ തുടങ്ങിയിരുന്നതായും പറയുന്നു. അതുകൊണ്ട് ലക്ഷ്യമിട്ടത് അഭിരാമിന്‍റെ സുഹൃത്തിനെയെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ കൊല നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്താന്‍ ശ്രമിച്ചെന്ന വാദത്തിലാണ് ആദ്യത്തെ ദുരൂഹത.
കാരണം അഭിരാം പ്രതികളുടെയടുത്തെത്തിയ ശേഷം ഒരു ഫോണ്‍ വിളിപോലും വന്നിട്ടില്ലെന്നും തന്നോട് അവിടേക്ക് വരാമോയെന്ന് അഭിരാം ചോദിച്ചിട്ടില്ലെന്നും സുഹൃത്ത് ഉറപ്പിച്ച് പറയുന്നു. അപ്പോള്‍ പിന്നെ എന്തിനാണ് അഭിരാമിനെ കൊന്നത്? ആനന്ദ എന്ന വ്യാജേന ചാറ്റ് ചെയ്ത ഒന്നാം പ്രതി അഭിരാമിനോട് വരാന്‍ പറഞ്ഞത് മൃതദേഹം കണ്ട കാട്ടിലേക്കല്ല. പാങ്ങപ്പാറയിലേക്കാണ്. അഭിരാം അവിടെയെത്തിയെന്ന് പറഞ്ഞ് സുഹൃത്തിനെ വിളിച്ചിട്ടുമുണ്ട്. പിന്നെ എങ്ങിനെയാണ് അഭിരാം കാട്ടിലെത്തിയത്. പ്രതികള്‍ അവിടേക്ക് അഭിരാമിനെ എങ്ങിനെ കൊണ്ടുപോയി? വൈകിട്ട് അഞ്ചിന് മെസേജ് അയച്ചപ്പോള്‍ അഭിരാമിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സുഹൃത്തിന് ഉടന്‍ വരും എന്ന് മറുപടി വന്നിരുന്നു. ഇത് അഭിരാം അയച്ചതോ അതോ പ്രതികള്‍ അയച്ചതോ? അവസാന മണിക്കൂറുകളില്‍ അഭിരാമിന് എന്ത് സംഭവിച്ചു എന്നതില്‍ ഈ ചോദ്യങ്ങള്‍ നിര്‍ണായകമാണ്. ഈ ദുരൂഹതകളുടെ ചുരുളാണ് ഇനി അഴിയേണ്ടതും.