കൊല്ലം പാരിപ്പള്ളിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിലേക്ക് കാർ ഇടിച്ചുകയറ്റി. അതീവ സുരക്ഷാ മേഖലയിലാണ് അതിക്രമം. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഷിനുരാജ്, ജയൻ എന്നിവരെ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
പാചകവാതകവുമായി എത്തിയ 20-ഓളം ടാങ്കറുകൾ യാർഡിൽ നിർത്തിയിട്ടിരുന്ന സമയത്താണ് അമിതവേഗതയിലെത്തിയ കാർ ഇവിടേക്ക് പാഞ്ഞുകയറിയത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നിർത്തിയിട്ടിരുന്ന പെട്രോൾ, പാചകവാതക ടാങ്കറുകളിൽ കാർ ഇടിച്ചിരുന്നെങ്കിൽ വലിയ രീതിയിലുള്ള വാതകച്ചോർച്ചയ്ക്കും തീപിടുത്തത്തിനും ഇടയാകുമായിരുന്നു. കടുത്ത മദ്യലഹരിയിലാണ് പ്രതികൾ അതിക്രമം കാട്ടിയതെന്ന് വ്യക്തമായെങ്കിലും, അതീവ സുരക്ഷാ മേഖലയിലേക്ക് ഇവർ എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.