മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടക്കേസിൽ പ്രതി സുഹൈൽ അടക്കം നാല് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് സുഹൈലിന്റെയും മറ്റ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. സുഹൈൽ സ്ഥിരമായി അമിതവേഗത്തിൽ വാഹനമോടിക്കുന്നയാളാണെന്നും ഇയാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

 

അപകടം നടന്നതിന്റെ പിറ്റേന്ന് മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച വാട്സാപ്പ് ശബ്ദസന്ദേശം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായും അമിതവേഗത്തിലാണ് വാഹനം ഓടിച്ചതെന്നും അപകടത്തിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

 

അതേസമയം, എഫ്.ഐ.ആറിൽ പ്രതികളുടെ പേരുകൾ പരാമർശിച്ചിട്ടില്ലെന്നും മതിയായ തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നുമാണ് സുഹൈൽ ഉൾപ്പെടെയുള്ള പ്രതികളുടെ വാദം.

ENGLISH SUMMARY:

The Ernakulam Additional Sessions Court has rejected the bail applications of four accused, including Suhail, in the Nedumbassery accident that killed three people. Police opposed bail, alleging that Suhail frequently drove at excessive speeds. The prosecution presented a WhatsApp voice recording allegedly sent by co-accused Joel, which it says supports claims that Suhail was intoxicated and driving recklessly. The accused, however, argued that their names were absent from the FIR and that the culpable homicide charges lacked sufficient evidence.