adoor-accdent

TOPICS COVERED

അടൂരിൽ അമിത വേഗത്തിൽ കാറും ബൈക്കും ഓടിച്ച 16കാരൻ പൊലീസിന്‍റെ പിടിയിൽ. സുഹൃത്തുക്കളുമൊത്തുള്ള യാത്രയും വാഹനമോടിക്കുന്ന ദൃശ്യങ്ങളും പകർത്തി  റീൽസാക്കുന്നതും പതിവായിരുന്നു. കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത പൊലീസ് കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.

അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കി. തുടർച്ചയായി രണ്ടുദിവസം അടൂരിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറക്കോട്–ഏഴംകുളം ഭാഗത്ത് പൊലീസ് തിരയുന്ന കാർ ശ്രദ്ധയിൽപ്പെട്ടു. വാഹനം തടഞ്ഞുനിർത്തിയപ്പോൾ 16കാരനായിരുന്നില്ല കാർ ഓടിച്ചിരുന്നത്. പകരം സുഹൃത്തായ മറ്റൊരു യുവാവായിരുന്നു ഡ്രൈവിങ് സീറ്റിൽ. ഇയാൾക്കും ലൈസൻസില്ലെന്ന് കണ്ടെത്തി. ഇതിനിടെ കാറിൽ കറങ്ങുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥി ബൈക്കിൽ സ്ഥലത്തെത്തി. തുടർന്ന് കാറോടിച്ച യുവാവിനെയും വിദ്യാർഥിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

16 വയസ്സുകാരന്‍റെ അമ്മയാണ് കാർ ഉടമ എന്ന് കണ്ടെത്തിയതോടെ കേസെടുത്തു.ബൈക്കുടമ കൊല്ലം സ്വദേശി രവീന്ദ്രനെതിരെയും കേസെടുത്തു. ബൈക്ക് കുറച്ചുനാൾ മുമ്പ് വിറ്റതാണെന്നാണ് രവീന്ദ്രൻ പോലീസിനോട് പറഞ്ഞത്.

ENGLISH SUMMARY:

A 16-year-old boy in Adoor was caught by the police for reckless driving and making social media reels. The police seized both the car and the bike, registering a case against the boy's mother.