തമിഴ്നാട് തേനിയിൽ ജയിൽ ചാടിയ 13 പ്രതികൾ പിടിയിൽ. ശേഷിക്കുന്ന നാല് പേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ രാത്രി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ജയിലിന് സമീപത്തെ വനമേഖലയിലേക്കാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവത്തിൽ ഒമ്പത് പേരെ സസ്പെൻഡ് ചെയ്തു. രണ്ട് ഹെഡ് കോൺസ്റ്റബിൾ മാർക്കും ഏഴ് ജയിൽ വാർഡൻമാർക്കുമെതിരെയാണ് നടപടി. സമഗ്ര അന്വേഷണം പൂർത്തിയാക്കിയ ശേഷം കൂടുതൽ പേർക്കെതിരെ നടപടിയെടുക്കും. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ കേരള തമിഴ്നാട് അതിർത്തി മേഖല കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്
17 വിചാരണത്തടവുകാരിൽ 13 പേെര ഒരു പകല് സമയം കൊണ്ട് വീണ്ടും പൊലീസ് അഴിക്കുള്ളലാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ടവരിൽ 8 പേരെ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. തടവുകാരനായ മധുര സ്വദേശി പ്രവീണാണ് പൊലീസ് നടത്തിയ തിരിച്ചലിന് ഇടയിൽ സ്വയം കീഴടങ്ങിയത്. ജയിലിലേക്ക് സ്വയം തിരിച്ചു വരികയായിരുന്നു പ്രവീൺ. രക്ഷപെടാനുള്ള എല്ലാ വഴികളും പൊലീസ് അടച്ചതാണ് പ്രവീണിനെ പിന്തിരിപ്പിച്ചത്. പൊലീസിന്റെ കൈയിൽ പെട്ടാൽ എൻകൗണ്ടർ പോലുള്ള നടപടി ഉണ്ടാകുമെന്നും പ്രവീൺ ഭയന്നതായി സംശയിക്കുന്നു. തുടർന്നാണ് കീഴടങ്ങിയത്. അതേസമയം പ്രവീണിനെ പിടിച്ചുവെന്നാണ് പൊലീസ് ഔദ്യോഗിക വിശദീകരണം.
മൂന്നുപേരെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. രാജാ സിക്കന്ദർ, രാജ് കുമാർ, സിലമ്പരശൻ എന്നിവരെയാണ് തിരച്ചിലിൽ പരിസരത്തു നിന്നു പിടിച്ചത്. മറ്റൊരു പ്രതിയെ ഓട്ടോറിക്ഷയിൽ കയറുമ്പോഴും പിടികൂടി. തേനി പട്ടണത്തിനടുത്തുള്ള വനപ്രദേശത്തുവച്ചാണ് 8 പേരെ കൂട്ടത്തോടെ പൊലീസ് പിടികൂടിയത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ 300 ലധികം പോലീസുകാരും ഇവിടെ തിരച്ചിലിനു ഇറങ്ങിയിരുന്നു.
അതേസമയം രക്ഷപ്പെട്ട തടവുകാരുടെ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങള് പുറത്തുവന്നു. ജയിൽ ചാടിയവരിൽ 8 പേർ കൊലപാതക കേസുകളിൽ പ്രതികളായവരാണ്, കൊള്ളയും കവർച്ചയും നടത്തിയ 6 പേരും ലഹരി കടത്തിനു പിടിയിലായ 2പേരും കവർച്ചയ്ക്ക് പിടിയിലായ ഒരാളും ആയുധം കയ്യിൽ സൂക്ഷിച്ചതിനു പിടിയിലായ ഒരാളും രക്ഷപ്പെട്ടവരിലുണ്ട്. വില്ലുപുരം, ഉത്തമപാളയം, തേനി, മധുര സ്വദേശികളാണ് ചാടിയവർ എല്ലാം. അതേസമയം ഇനി പിടികൂടാനുള്ളവർ ഏതു കുറ്റം ചെയ്തവരാണെന്ന് വ്യക്തമല്ല. തമിഴ്നാട് പൊലീസിന്റെ 17 സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്. തടവുകാർ ഇടുക്കിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിന് മുന്നറിയിപ്പു നൽകിയിരുന്നു.
4 ബ്ലോക്കുകളുള്ള ജില്ലാ ജയിലിൽ 340 തടവുകാരുണ്ട്. സംഘം താമസിച്ച മൂന്നാം ബ്ലോക്കിൽ 92 പേരും. ഇതിൽ 17 പേർ മാത്രമാണ് ജയിൽ ചാടിയത്. രാത്രി 10.30നാണ് സംഭവം. അപസ്മാരം അഭിനയിച്ച് തടവുകാർ ഡ്യൂട്ടി ജീവനക്കാരനെ വിളിച്ചു വരുത്തി. തുടർന്നാണ് ആക്രമിച്ചത്. പരിശോധനയ്ക്ക് എത്തിയ മദൻ മോഹൻ എന്ന എസ്എസ്ഐയെ സംഘം ആദ്യം അടിച്ചു വീഴ്ത്തി. സെല്ലിൽനിന്ന് പുറത്തിറങ്ങിയ സംഘം മദൻ മോഹന്റെ മാല ഊരിയെടുത്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്കപാണ്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം പലവഴിക്കു പിരിഞ്ഞു. ഉടൻ തന്നെ പൊലീസ് സംഘം തേനിയിലും പരിസരത്തും പരിശോധന ആരംഭിക്കുകയായിരുന്നു.