കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയില്‍. തിരുവനന്തപുരം പേയാട് വച്ചുനടന്ന അതിക്രമത്തില്‍ കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് പിടിയിലായത്. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് തമ്പാനൂരിൽ നിന്ന് വെള്ളറടയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിൽ പേയാട് വച്ചായിരുന്നു യാത്രക്കാരിക്ക് നേരെ പ്രതി അതിക്രമം കാട്ടിയത്.
അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വലിയ ചര്‍ച്ചകള്‍ക്ക് ആരംഭിച്ചിരുന്നു. പെണ്‍കുട്ടിക്ക് പരാതിയുണ്ടോയെന്ന് ചോദിക്കാതിരുന്നതും പ്രതിയെ ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അനുവദിച്ചത് കണ്ടക്ടറുടെ ഭാഗത്തെ വീഴ്ചയാണെന്നും വിലയിരുത്തപ്പെട്ടു. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പിന്നീട് കെ.എസ്.ആര്‍.ടി.സിയും വിലയിരുത്തിയിരുന്നു. മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, സംഭവം നടന്നത് പേയാടാണെന്ന് സ്ഥിരീകരിക്കുകയും പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തുടക്കത്തിൽ പെൺകുട്ടി പകർത്തിയ ഫോൺ ദൃശ്യങ്ങൾ മാത്രമായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്നത്. പിന്നീട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ ദൃശ്യങ്ങൾ കൂടുതൽ വിപുലീകരിച്ച് വ്യക്തത വരുത്തിയാണ് പ്രതി തിരുവിതാംകോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കേസെടുത്ത വിളപ്പില്‍ശാല പൊലീസ്, പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങി. പ്രതിക്കായി ലുക്ക് നോട്ടിസും പുറപ്പെടുവച്ചിരുന്നു. ഒടുവില്‍ അതിക്രമമുണ്ടായി ഒരുവര്‍ഷം ആകുമ്പോഴാണ് ഒളിവില്‍പോയ തമിഴ്നാട് കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയെ വിളപ്പില്‍ശാല പൊലീസ് ചെന്നൈയില്‍ നിന്ന് പിടികൂടിയത്.