Image Credit: X @Ajai Bhadauria

Image Credit: X @Ajai Bhadauria

TOPICS COVERED

ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്കൂളില്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ക്രൂരമായി ഉപദ്രവിച്ചതായി പരാതി. ഭദോഹി ജില്ലയിലാണ് സംഭവം. അനോഖി എന്ന വിദ്യാര്‍ഥിനിയാണ് അധ്യാപകന്റെ അതിക്രമത്തിന് ഇരയായത്. കുട്ടിയെ മര്‍ദിക്കുക മാത്രമല്ല, തലമുടി പിഴുതെടുക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ  ആരോപണം. എന്നാൽ അധ്യാപകൻ എന്തിനാണ് കുട്ടിയെ ഇത്തരത്തിൽ ഉപദ്രവിച്ചത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

വിദ്യാര്‍ഥിയെ ഉപദ്രവിച്ചതുമയി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധ്യാപകന്‍ തന്നോട് ക്രൂരമായി പെരുമാറിയ രീതി കുട്ടി തന്നെ  വിവരിക്കുന്നുണ്ട്. പിഴുതെടുത്ത മുടിയും, മുടിയില്ലാത്ത തലയിലെ ഭാഗവും വിഡിയോയില്‍ കാണാം. മനോജ് എന്നാണ് അധ്യാപകന്റെ പേര് എന്നും വിദ്യാര്‍ഥി വ്യക്തമാക്കുന്നുണ്ട്. അധ്യാപകൻ മറ്റ് വിദ്യാർഥികളെയും പതിവായി ഉപദ്രവിക്കാറുണ്ടെന്നും ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് കുടുംബം പരാതി നൽകിയെങ്കിലും വിഷയം ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റ് ശ്രമിച്ചതായും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നാണ്  ആവശ്യം ഉയരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിക്കുന്ന വാര്‍ത്തകള്‍ ആദ്യമായല്ല പുറത്തുവരുന്നത്. ഇതിന് മുമ്പ് ഇറ്റാവ ജില്ലയിലെ ഒരു സ്കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് സസ്പെന്റ് ചെയ്തിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on the shocking incident in Uttar Pradesh where a class three student was brutally assaulted by her teacher in Bhadohi district. The victim's family claims the teacher not only beat the child but also pulled out clumps of her hair, triggering outrage on social media.