കൊച്ചി മാർക്കറ്റ് റോഡിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിന് നിർദേശം നൽകിയതായി പറയപ്പെടുന്ന ‘ബോസ്’ ഇപ്പോഴും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇയാളിലേക്ക് എത്തുന്നതിനായി എബിന്റെ ടെലഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾ ആവശ്യപ്പെട്ട് ടെലഗ്രാമിന് അന്വേഷണസംഘം കത്തയച്ചിട്ടുണ്ട്. Also Read: 'പാക്– അമേരിക്ക യുദ്ധമുണ്ടായാല് ഇന്ത്യ പാക്കിസ്ഥാനൊപ്പം'! അവര് നമ്മുടെ അയല്ക്കാര്; ബിജെപി നേതാവ്
ആയുധങ്ങൾക്കായി എബിൻ വിവിധ വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ‘ബോസ്’ എന്നറിയപ്പെടുന്ന വ്യക്തിയുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് എബിൻ മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ രാജ്യാന്തര ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ യുഎപിഎ ഉൾപ്പെടെയുള്ള നിയമവകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിച്ചേക്കും. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ എബിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഒരു മാസം മുമ്പ് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തിലും എബിൻ പോളിന് പങ്കുണ്ടെന്നതിന് തെളിവുകൾ ഇയാളുടെ ഫോണിൽനിന്ന് പൊലീസിന് ലഭിച്ചതായാണ് വിവരം. വലിയ ആക്രമണങ്ങൾ നടത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണമായാണ് ഷോറൂമിന് തീയിട്ടതെന്ന് എബിൻ പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
എബിനിൽനിന്ന് വിവിധ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്തവയുടെ അളവ് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത്: വൈറ്റ് ഹെറോയിൻ – 3.613 ഗ്രാം, ബ്രൗൺ ഹെറോയിൻ – 2.7 ഗ്രാം, ഓക്സികോഡോൺ – 2.3 ഗ്രാം, ഫെന്റനൈൽ – 5.2 ഗ്രാം, ആൽപ്രാസോലം – 20.1 ഗ്രാം, കെറ്റാമിൻ – 50.8 ഗ്രാം, കെ-റോക്ക് – 20.6 ഗ്രാം, ഓൺലൈൻ വഴി വൻതോതിൽ ലഹരിവസ്തുക്കളുടെ ഇടപാടുകൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.