മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. അപകടമുണ്ടായ എയർപോർട്ട് റോഡിലും പ്രതികൾ മദ്യപിച്ച ഹോട്ടലിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
രാവിലെ 10.05 ഓടെ സുഹൈലിനെ ആദ്യം തെളിവെടുപ്പിന് എത്തിച്ചത് എയർ പോർട്ട് റോഡിൽ വാഹനാപകടം നടന്ന സ്ഥലത്ത് . പ്രതിഷേധം കണക്കിലെടുത്ത് സുഹൈലിനെ പൊലീസ് വാഹനത്തിൽ നിന്ന് പുറത്ത് ഇറക്കിയില്ല.20 മിനുറ്റ് കൊണ്ട് ഇവിടുത്തെ തെളിവെടുപ്പ് പൂർത്തിയാക്കി.നേരെ പ്രതികൾ അവസാനം മദ്യപിച്ച നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് , ഒരു മണിക്കൂറോളം ഇവിടെ തെളിവ് എടുപ്പ് നടത്തി.
കനത്ത സുരക്ഷയിലാണ് രണ്ട് ഇടത്തും പൊലീസ് തെളിവെടുപ്പ് നടത്തിയത്. സുഹൈലിനെ കൂടാതെയുളള മറ്റു മൂന്ന് പ്രതികളുടെ തെളിവെടുപ്പ് ഉണ്ടായില്ല.ഇന്നലെ പെരുമ്പാവൂരിൽ എത്തിച്ച് 4 പ്രതികളുടെ വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ പൊലീസ് പൂർത്തിയാക്കിയിരുന്നു .ഇന്ന് വൈകിട്ട് 5 മണി വരെയാണ് പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കസ്റ്റഡി കാലാവധി കഴിയുന്നതോടെ നാളെ പ്രതികളുടെ ജാമ്യ ഹർജി അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.നീട്ടി വളർത്തിയ മുടി സുഹൈൽ പറ്റെ വെട്ടിയതോടെ രൂപം മാറിയിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തു ബോസ്റ്റൽ സ്കൂളിൽ എത്തിച്ചപ്പോൾ സുഹൈൽ സ്വയം മുടി വെട്ടിയെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വിശദീകരണം.