ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി കല്ലാച്ചി എം.ഇ.ടി കോളജിൽ വിദ്യാർഥികൾ തമ്മിൽ വീണ്ടും സംഘർഷം. സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിലാണ് തർക്കവും കൂട്ടത്തല്ലുമുണ്ടായത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ പോസ്റ്റിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിക്കുശേഷം ഇന്ന് വിദ്യാർഥികൾ കോളജിൽ തിരിച്ചെത്തിയതിനു പിന്നാലെയാണ് വീണ്ടും സംഘർഷമുണ്ടായത്.
ഇൻസ്റ്റഗ്രാം പേജുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർഥികൾക്കിടയിൽ വാക്കേറ്റത്തിന് കാരണമായത്. കോളജ് ക്യാംപസിൽ ആരംഭിച്ച സംഘർഷം തൂണേരി പട്ടാണിയിലേക്കും നാദാപുരം ഗവൺമെന്റ് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റു.
വിവരമറിഞ്ഞ് നാദാപുരത്തുനിന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇതോടെ വിദ്യാർഥികൾ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി. പരുക്കേറ്റ വിദ്യാർഥികൾ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയശേഷം മടങ്ങി. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.
അതേസമയം, ഏത് പോസ്റ്റിനെച്ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് കോളജ് മാനേജ്മെന്റിനോട് ചോദിച്ചപ്പോൾ അവർക്കും തർക്കത്തിന്റെ കാരണത്തെക്കുറിച്ച് അറിയില്ലെന്നാണ് വിശദീകരണം. സമാനമായ വിഷയത്തിൽ തുടർച്ചയായ ദിവസങ്ങളിൽ സംഘർഷമുണ്ടായതോടെ കോളജിലെ മറ്റു വിദ്യാർഥികളും ആശങ്കയിലാണ്.