crime-news

ജയ്പൂരിൽ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ച പിതാവിനെ പ്രതികൾ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കിയതായി പരാതി. 58കാരന്റെ മൃതദേഹം കഴിഞ്ഞ ജൂലൈയിൽ വീടിനു സമീപത്തെ തുറസ്സായ സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ജയ്പൂരിലെ കൽവാറിൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി ഒരു മാസത്തിനു ശേഷമായിരുന്നു സംഭവം. പൊലീസ് ആദ്യം ആത്മഹത്യാക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും, കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കൊലപാതകത്തിനും കേസെടുത്തു.

ജൂണിൽ മകളെ തട്ടിക്കൊണ്ടുപോയെന്നും മുഖ്യപ്രതിയും മറ്റ് മൂന്ന് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് മരിച്ചയാളുടെ ഭാര്യയുടെ പരാതിയിൽ പറയുന്നത്. രണ്ട് ദിവസത്തിനു ശേഷം പെൺകുട്ടി തിരിച്ചെത്തിയതോടെ മൊഴി രേഖപ്പെടുത്തുകയും നാലുപേർക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതികൾ കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. ഗൂഢാലോചനയുടെ ഭാഗമായി നാലുപേരും ചേർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പരാതി.

മൃതശരീരം കണ്ടെത്തിയതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യയുടെ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ENGLISH SUMMARY:

Jaipur gang rape case father murdered after refusing to withdraw the complaint, according to police reports. The victim's family alleged that the accused staged the murder as a suicide by hanging him from a fan.