AI Generated Image

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് സംഭവം. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ വിദ്യാലയത്തിൽ ജോലി ചെയ്യുന്ന ഇയാൾ ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ക്രമേണ പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത്, വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ അവിടെയെത്തി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വിവരം അറിയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വീട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ, അവളുടെ സമ്മതത്തോടെയാണ് സംഭവമുണ്ടായതെന്ന് വാദിച്ചാലും പ്രതിക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് ഇത്തരം കേസുകളിൽ നിയമപരമായ പ്രസക്തിയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അതിക്രമം എപ്പോൾ മുതലാണ് നടന്നുവരുന്നതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾക്ക് പ്രായപരിധി ഉറപ്പാക്കുന്നതും മാതാപിതാക്കളുടെ മേൽനോട്ടം ശക്തമാക്കുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യമുയർത്തി ബാലാവകാശ പ്രവർത്തകരും രംഗത്തെത്തി. അധ്യാപകർ വിദ്യാർഥികളുമായി വ്യക്തമായ അതിർവരമ്പുകൾ പാലിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അവ ലംഘിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം കുട്ടിക്കല്ല, അധ്യാപകനാണെന്നും ചൈൽഡ് ആക്ടിവിസ്റ്റ് രമ്യ ശ്രീറാം പറഞ്ഞു.

തമിഴ്നാട്ടിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് പ്രതിപക്ഷവും ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് സർക്കാർ ‘സിംഗപ്പെൺ’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ENGLISH SUMMARY:

A private school teacher from Dharmapuri district, Tamil Nadu, was arrested under the POCSO Act for allegedly sexually assaulting a minor girl after connecting with her on Instagram.