തിരുവനന്തപുരം ഉദിയൻകുളങ്ങരയിൽ ആറു വയസ്സുകാരിയെ അമ്മ ക്രൂരമായി മർദിച്ചെന്ന് ആരോപണം. ദേഹമാസകലം പരുക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല പൊലീസ് സ്ഥലത്തെത്തി. ഇന്ന് ഉച്ചയോടെയാണ് ആറു വയസ്സുകാരിയെ മുത്തശ്ശി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
മുഖത്ത് ഉൾപ്പെടെ ശരീരമാസകലം പരുക്കുണ്ട്. വീണ് പരുക്കേറ്റെന്നാണ് മുത്തശ്ശി ആശുപത്രിയിൽ പറഞ്ഞിരുന്നതെങ്കിലും സംശയം തോന്നിയ ഡോക്ടർ കുട്ടിയോട് ചോദിച്ചപ്പോഴാണ് അമ്മ മർദ്ദിച്ചു എന്ന പറഞ്ഞത്.
ഫോൺ എടുത്തു കളിച്ചപ്പോൾ വാട്സ്ആപ്പ് ഡിലീറ്റായത് പ്രകോപനത്തിന് കാരണമായെന്നാണ് വിവരം. ഡോക്ടർ അറിയിച്ചത് പ്രകാരം പാറശ്ശാല പൊലീസ് സ്ഥലത്തെത്തി. കുട്ടിയുടെ അമ്മ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടി ചികിത്സയിൽ തുടരുന്നു.