പന്നിയങ്കരയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽനിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിൽ ലഹരി എത്തിച്ചു നൽകിയ നാലാം പ്രതി അറസ്റ്റിൽ. ബേപ്പൂർ തമ്പി റോഡ് സ്വദേശി വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്തിനെയാണ് (28) ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. ജിംനേഷ്യത്തിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലഹരിവിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായ യാസർ അറാഫത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

2026 ജൂലൈ 18-നാണ് പയ്യാനക്കൽ കപ്പക്കൽ റോഡിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ പൊലീസ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 228.31 ഗ്രാം എംഡിഎംഎയും 37.320 ഗ്രാം കഞ്ചാവും ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 41,830 രൂപയും അന്ന് പിടിച്ചെടുത്തിരുന്നു.

ജിംനേഷ്യത്തിന്റെ നടത്തിപ്പുകാരായ മൂന്ന് പേരിൽ നിന്നാണ് ലഹരിമരുന്നും പണവും കണ്ടെത്തിയത്. ബേപ്പൂർ പൂന്നാർവളപ്പ് കോഴിക്കോടൻ വീട്ടിൽ ജംഷീദ് (40), ബേപ്പൂർ മതിലകത്ത് മസ്കറ്റ് നിവാസിൽ ലിജാസ് എം.കെ. (36), ബേപ്പൂർ മേലേതൊടി അധികാരി വീട്ടിൽ അർഷാദ് (32) എന്നിവരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഫറോക്ക് ചുങ്കം ഹരിത നഗറിലാണ് അർഷാദ് താമസിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ ഇവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജിംനേഷ്യത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത് യാസർ അറാഫത്താണെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും ചേർന്ന് ബെംഗളൂരുവിലെത്തി യാസർ അറാഫത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഡൽഹിയിൽ നിന്നും ഗോവയിൽ നിന്നുമാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നതെന്ന് പ്രതി വെളിപ്പെടുത്തിയതായാണ് വിവരം. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം സ്വന്തം ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായാണ് വിനിയോഗിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. എന്നാൽ, ലഹരിമരുന്ന് എവിടെ നിന്നാണ് വാങ്ങിയിരുന്നത്, ആരെല്ലാമാണ് വിതരണശൃംഖലയിലുള്ളത്, ആർക്കെല്ലാമാണ് വിൽപ്പന നടത്തിയിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. പ്രതിയുടെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച് ലഹരിവിതരണത്തിന്റെ കൂടുതൽ കണ്ണികളെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ENGLISH SUMMARY:

fourth accused in the Panniyankara gym MDMA and cannabis seizure case has been arrested from Bengaluru. Yasar Arafat, identified as a key supplier in the drug network, was taken into custody following a scientific investigation by the police.