വിവാഹിതയായ യുവതിയെ പ്രണയിച്ചതിന് യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചും നടുറോഡില്‍ നാട്ടുകാര്‍ കാണ്‍കെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചും പ്രാകൃത ശിക്ഷ. ഗുജറാത്തിലെ സുരേന്ദ്രനഗറിലാണ് നടുക്കുന്ന സംഭവം. തന്‍റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള വിവരം അറിഞ്ഞതോടെയാണ് ഇത്തരത്തിലൊരു കൃത്യത്തിന് വാപി എന്നയാള്‍ തുനിഞ്ഞതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഭാര്യയെയും കാമുകനെയും വാപിയും വീട്ടുകാരും ചേര്‍ന്ന് പിടികൂടി ജനക്കൂട്ടത്തിന് മുന്നിലെത്തിച്ചു. തുടര്‍ന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും യുവതിയുടെ മൂത്രം യുവാവിനെ കൊണ്ട് കുടിപ്പിക്കുകയുമായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. വിഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളായ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാപിയെ ഉപേക്ഷിച്ച് കാമുകനൊപ്പം മൂന്ന് മാസം മുന്‍പാണ് യുവതി ജീവിക്കാന്‍ തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ യുവതിയെ വാപിയുടെ വീട്ടിലേക്ക് പിടിച്ചു കൊണ്ടു വന്നശേഷം വീട്ടുതടങ്കലിലാക്കി. അഞ്ച് ദിവസം മുന്‍പ് ഇവിടെ നിന്നും യുവതി രക്ഷപെട്ട് കാമുകന്റെ അടുത്തേക്ക് തിരിച്ചു പോയെന്നും പൊലീസ് പറയുന്നു. യുവതി കാമുകന്‍റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയെന്ന് അറിഞ്ഞതും ഭര്‍ത്താവ് ബന്ധുക്കളുമായി പിന്നാലെയെത്തിയെന്നും തുടര്‍ന്ന് 'ശുദ്ധീകരണം' നടത്തുകയായിരുന്നുവെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസ് അന്വേഷിച്ചെത്തുമ്പോള്‍ യുവതി വീടിനുള്ളില്‍ കരഞ്ഞ് അവശയായ നിലയിലായിരുന്നുവെന്നും വിഡിയോയിലുള്ള സ്ത്രീയാണെന്ന് ഉറപ്പിച്ച ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തുവെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
തന്നെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കെട്ടിയിട്ട് തല്ലിയെന്നും കാമുകനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഇരുവരെയും അടിച്ച് അവശരാക്കിയ ശേഷമാണ് വീടിന് പുറത്തെ റോഡിലേക്ക് കൊണ്ടുവന്ന് യുവതിയുടെ മൂത്രം കാമുകനെ കുടിപ്പിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തത്. പിന്നാലെ ഇതിന്റെ വിഡിയോയും പകര്‍ത്തി. യുവതിയുടെ പരാതിയുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വാപിയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.