യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിലും എറണാകുളം ജലഗതാഗതവകുപ്പ് ജീവനക്കാരുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച കേസിലും കുപ്രസിദ്ധ ഗുണ്ട മൈന്‍ഡ് കണ്ണന്‍ എന്ന വിഷ്ണു കണ്ണന്‍ (37) അറസ്റ്റില്‍. തോപ്പുംപടി സ്വദേശിയും .ഗുണ്ടാ ലിസ്റ്റിൽ അടക്കം പേരുള്ള മൈന്‍ഡ് കണ്ണനെ  എറണാകുളം സെൻട്രൽ പൊലീസാണ്  പിടികൂടിയത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അറസ്റ്റനാസ്പദമായ സംഭവം നടക്കുന്നത്. മൈന്‍ഡ് കണ്ണന്‍റെ ഉപദ്രവത്തെത്തുടര്‍ന്ന് യുവതി എറണാകുളം ബോട്ട് ജട്ടിയിലെ  ജലഗതാഗത വകുപ്പ് ഓഫിസിലേക്ക് ഓടിക്കയറുകയായിരുന്നു. യുവതിയുടെ സാഹചര്യം കണ്ട ജീവനക്കാര്‍ യുവതിക്ക് സംരക്ഷകരായി നിന്നു. പിന്നാലെ ഓടിയെത്തിയ മൈന്‍ഡ് കണ്ണന്‍ യുവതിയെ ഇറക്കിവിടാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ വിസമ്മതിച്ചതോടെ ഇയാള്‍ ജീവനക്കാരുടെ മുഖത്ത് തന്‍റെ കയ്യില്‍ കരുതിയിരുന്ന പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. 

ജലഗതാഗത വകുപ്പ് ജീവനക്കാരൻ മാഹിനെയും സുഹൃത്ത് നവാസിനെയുമാണ് മൈന്‍ഡ് കണ്ണന്‍ ആക്രമിച്ചത്. ഇവര്‍ക്ക് ഗുരുതര പരുക്കുകളില്ല. ഉടന്‍ തന്നെ കൊച്ചി സെൻട്രൽ എ.സി.പി സിബി ടോം, ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്ഐമാരായ അനസ് തൗഫിഖ്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവർ ഉൾപ്പെട്ട സംഘം എത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. 

2021ല്‍  കൊച്ചി ചിറ്റൂർ റോഡിൽ എസ്‌.ആർ.വി ഹൈസ്കൂളിന് സമീപമുള്ള എടിഎം കൗണ്ടറിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം പണം പിൻവലിക്കാൻ എത്തിയ ട്രാൻസ്‌ജെൻഡർ യുവതിയെ കത്തിമുനയിൽ നിർത്തി പണം ആവശ്യപ്പെടുകയും, എതിർത്തപ്പോൾ തലയിലും തുടയിലും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഇയാളെ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 കൊച്ചിയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി അടിപിടി,  ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ അക്രമ സ്വഭാവമുള്ള മറ്റ് നിരവധി കേസുകളും ഇയാൾക്കെതിരെയുണ്ട്.

ENGLISH SUMMARY:

Mind Kannan, a notorious goonda also known as Vishnu Kannan, has been arrested by Ernakulam Central Police in connection with assaulting a woman and using pepper spray on public transport employees. He faces multiple charges including a previous assault case involving a transgender woman.