ബെംഗളൂരുവിൽ യാത്രക്കാരായ യുവതികൾക്ക് നേരെ ഓട്ടോ ഡ്രൈവറുടെ മര്‍ദനം. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേയൗട്ടിലാണ് യുവതികള്‍ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമമുണ്ടായത്.
യുവതികള്‍ ഓൺലൈൻ ആപ്പിലൂടെ പലതവണ സവാരി ബുക്ക് ചെയ്ത് പിന്നീട് റദ്ദാക്കിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർ യുവതികളുമായി വാക്കേറ്റമുണ്ടാവുകയും പിന്നാലെ കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്.
യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറായ ചേതനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ യഥാർഥ സാഹചര്യങ്ങൾ എന്താണെന്ന് കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിക്കുന്നുണ്ട്. ബെംഗളൂരു നഗരത്തിൽ യാത്രക്കാരുടെ സുരക്ഷയും ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റവും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.