വയനാട് നെന്മേനിയിൽ എടുത്ത ലോട്ടറിക്ക് സമ്മാനം ലഭിക്കാത്തതിൽ കടയുടമയായ യുവതിയെ കുത്തി പരുക്കേൽപ്പിച്ചു. നമ്പ്യാർകുന്ന് 'പൂങ്കാവനം ലോട്ടറി' ഉടമ വിനീത രജീഷിനെയാണ് തമിഴ്‌നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാർ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി കുത്തേറ്റ വിനീതയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നടന്ന സംഭവത്തിൽ പ്രതിയായ ശിവകുമാറിനെ നൂൽപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓണം ബംപറില്‍ 30 കോടിയുടെ സമ്മാനമടിച്ചത് TL 360615 നമ്പറിനാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനുടമയെ തിരഞ്ഞു കിട്ടിയില്ലെങ്കിലും ഭാഗ്യം തൊട്ടടുത്ത് എത്തിയവരെല്ലാം തളിപ്പറമ്പിലുണ്ട്. TL 360614, TL 360617 എന്നീ നമ്പറുകള്‍ വിറ്റുപോയത് സുജിത്തിന്‍റെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്. TL 360617 എന്ന ടിക്കറ്റ് സുജിത്തിന്‍റെ വീടനടുത്തുള്ള കൃഷ്ണന്‍ എന്ന റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിലാണ്. ഒറ്റ നമ്പറിന് ബംപര്‍ പോയത് നഷ്ടം തന്നെയെന്നും നിരാശയില്ലെന്നും സുജിത്ത് പറഞ്ഞു.
അതിനിടെ ഭാഗ്യശാലിയെ കണ്ടെത്തിയെന്ന തരത്തില്‍ പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തളിപ്പറമ്പിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ എ.ഐ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശികളായ രാഗേഷ് ലുക്ക, കുട്ടി സാഹിബ് എന്നിവരുടെ പേരിലാണ് എ.ഐ പോസ്റ്ററുകൾ പ്രചരിക്കുന്നത്. തങ്ങൾ ലോട്ടറി എടുത്തിട്ട് പോലുമില്ല എന്നാണ് ഇരുവരും പറയുന്നത്. സുഹൃത്തുക്കൾ തമാശയ്ക്ക് ഉണ്ടാക്കിയ പോസ്റ്ററുകളാണ് പലയിടങ്ങളിലും പ്രചരിക്കുന്നത്. പോസ്റ്ററുകൾ കണ്ട് നിരവധി ഫോൺ കോളുകൾ ആണ് ലഭിക്കുന്നത് എന്നും ഇരുവരും പറയുന്നു.