മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന് കോടതിയുടെ കനത്ത പ്രഹരം. വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മടക്കി. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് കാരണം ബോധിപ്പിക്കാത്തത് ഗുരുതര പിഴവാണെന്ന് കോടതി വിലയിരുത്തി. പ്രതികളെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്ന ആരോപണവും ശക്തമാവുകയാണ്.
അഗസ്റ്റിൻ സഹോദരന്മാർ വയനാട്ടിൽനിന്ന് വെട്ടിക്കടത്തിയ 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ വനംവകുപ്പ് പിടികൂടുന്നത് 2021 ഫെബ്രുവരിയിലാണ്. എന്നാൽ കുറ്റപത്രം തയ്യാറാക്കാൻ വനംവകുപ്പിന് അഞ്ചു വർഷം വേണ്ടിവന്നു. ഇത്രയും സമയമെടുത്ത് തയ്യാറാക്കിയ കുറ്റപത്രമാണ് പ്രാഥമിക പരിശോധനയിൽത്തന്നെ കോടതി തള്ളിയത്. കുറ്റപത്രം നൽകാൻ ഇത്രയധികം കാലതാമസം എന്തുകൊണ്ട് വേണ്ടി വന്നു എന്നതിൽ ഒരു വിശദീകരണവും റിപ്പോർട്ടിൽ ഇല്ല.
അതുപോലെ ഗുരുതരമായ ക്ലറിക്കൽ പിഴവുകളും കണ്ടെത്തി. ചോറ്റാനിക്കര കോടതിയിലുള്ള വഞ്ചനക്കേസ് സംബന്ധിച്ച നടപടികൾ മുട്ടിൽ കേസിൽ കുറ്റപത്രം നൽകുന്നതുവരെ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതോടെ ആണ് വനംവകുപ്പ് തിടുക്കപ്പെട്ട് കുറ്റപത്രം തയ്യാറാക്കിയതും കോടതിയിൽ എത്തിച്ചതും.
മുറിച്ചുകടത്തിയ മരങ്ങൾ വനഭൂമിയിൽനിന്നാണോ അതോ പട്ടയഭൂമിയിൽനിന്നാണോ എന്നതിൽ ഇപ്പോഴും കുറ്റപത്രത്തിൽ വ്യക്തതയില്ല. ഇത് പൊതുമുതൽ നശിപ്പിച്ചതിന് പൊലീസെടുത്ത കേസുകളെപ്പോലും ദുർബലമാക്കും. പിടിച്ചെടുത്ത ഈട്ടിത്തടികളും കടത്താനുപയോഗിച്ച ലോറിയും കണ്ടുകെട്ടാതെയാണ് കുറ്റപത്രം നൽകിയതെന്നതും അതീവ ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതികളെ കേസിൽനിന്ന് ഊരിയെടുക്കാൻ ഉദ്യോഗസ്ഥർ ബോധപൂർവം വരുത്തിവെച്ച പിഴവുകളാണിതെന്ന ആക്ഷേപം ആണ് ഇവിടെ ഉയരുന്നത്.