സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന്റെ എറണാകുളം പച്ചാളത്തുള്ള വസതിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ്. ഡോളറും പിടിച്ചെടുത്തു. 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജി.എസ്.ടി. വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്‍ തന്റെ നിയമാനുസൃതവുമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത ഏകദേശം 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. Also Read: ‘ആ ചിത്രം വ്യാജം, എഐ നിർമിതം, മാധ്യമങ്ങൾക്ക് ഉളുപ്പ് വേണം’; റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജി
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായാണ് ഇന്നലെ കൊച്ചി തേവരയിലുള്ള ജി.എസ്.ടി. ജോയിന്റ് കമ്മീഷണറുടെ ഓഫീസ്, പ്രജനി രാജന്റെ പച്ചാളത്തുള്ള വസതി, പച്ചാളത്തു തന്നെയുള്ള ഇവരുടെ മറ്റൊരു വസതി എന്നിവിടങ്ങളിലായി വിജിലന്‍സ് റെയ്ഡ് നടത്തിയത്.
മൂവാറ്റുപുഴ എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്‌ജ് (വിജിലൻസ്) കോടതി പുറപ്പെടുവിച്ച തിരച്ചിൽ വാറന്റിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. ഇന്നലെ രാവിലെ 9നു തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർ എടുക്കുന്ന കേസുകളിൽ അന്തിമ നടപടിയും അംഗീകാരവും നൽകേണ്ട ചുമതല പ്രജനി രാജനായിരുന്നു. എന്നാൽ വൻകിട നികുതി വെട്ടിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കിയെന്നാണ് പ്രജനി രാജനെതിരെ ഉയർന്നിരിക്കുന്ന പരാതി.
വിജിലൻസ് പരിശോധനയിൽ പണത്തിന് പുറമേ നിർണായക രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകളെല്ലാം വിശദമായ പരിശോധനയ്ക്കും വിശകലനത്തിനും വിധേയമാക്കുമെന്നും അതിനു ശേഷമേ അറസ്‌റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുകയുള്ളു എന്നും വിജിലൻസ് ഉദ്യോഗസ്‌ഥർ വ്യക്തമാക്കി.