കോഴിക്കോട് താമരശേരിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി അൻവർ സാദത്താണ് പിടിയിലായത്. പോക്സോ ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ദാമ്പത്യ പ്രശ്നം പരിഹരിക്കുന്നതിനായാണ് കൊടുവള്ളി സ്വദേശിയായ യുവതിയും ഭർത്താവും അൻവർ സാദത്തിനെ സമീപിച്ചത്. തേങ്ങ ഉഴിഞ്ഞ് ഓതിയാല്‍ എല്ലാ പ്രശ്നങ്ങളും മാറുമെന്നായിരുന്നു വ്യാജസിദ്ധന്‍റെ മറുപടി. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാത്തിനും ഇവര്‍ സമ്മതം മൂളി.
ചടങ്ങുകളുടെ ഭാഗമായി ഭര്‍ത്താവിന്‍റെ കയ്യില്‍ തേങ്ങ നല്‍കി മുറിയുടെ ഒരു മൂലയിലേയ്ക്ക് തിരിഞ്ഞിരുന്ന് കണ്ണടച്ച് പ്രാര്‍ഥിക്കാന്‍ വ്യാജ സിദ്ധന്‍ ആവശ്യപ്പെട്ടു. ഭർത്താവിന്റെ ശ്രദ്ധ മാറിയ സമയം യുവതിയെ മുറിയുടെ പിന്‍ഭാഗത്തേയ്ക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
മുൻപും ഇതേ രീതിയില്‍ ഇയാള്‍ സ്ത്രീകളെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പോക്സോ കേസുകള്‍ അടക്കം താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ അഞ്ചു ക്രിമിനൽ കേസുകളുണ്ട്. പരാതികള്‍ ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ ഇയാളുടെ ചികിത്സ കേന്ദ്രത്തിലേക്ക് മുമ്പ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.