കോഴിക്കോട് കോര്‍പറേഷന്‍ സിറ്റി സൈക്കിള്‍ പദ്ധതിക്കായി വാങ്ങിക്കൂട്ടിയ സൈക്കിളുകളില്‍ ഉപയോഗിക്കാവുന്നവ തിരിച്ചെടുത്ത് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി നല്‍കും. കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പദ്ധതി പുനഃക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ അരുൺ മനോരമ ന്യൂസിനോട് പറഞ്ഞു.

ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് വാങ്ങിയ സൈക്കിളുകള്‍ ഷെഡ്ഡുകളിലും പറമ്പുകളിലും കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് കോര്‍പറേഷന്റ പരിഹാര നടപടികള്‍. പദ്ധതിയെ താന്‍ എതിര്‍ത്തിരുന്നുവെന്നും ഒരു ആസൂത്രണവും ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും മുന്‍ മേയര്‍ ബീനഫിലിപ്പ് തന്നെ മനോരമ ന്യൂസിനോട് തുറന്നു പറഞ്ഞിരുന്നു. കൂട്ടിയിട്ടിരിക്കുന്ന സൈക്കിളുകള്‍ നല്ലത് കണ്ടെത്തി അറ്റകുറ്റപ്പണി നടത്തി കുട്ടികള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം 

അന്ന് സ്വന്തം വാര്‍ഡില്‍ പദ്ധതി കിട്ടാതിരുന്നപ്പോള്‍ വിഷമം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോള്‍ കിട്ടാതിരുന്നതില്‍  സന്തോഷം തോന്നുന്നുവെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. പല കൗണ്‍സില്‍ യോഗത്തിലും പദ്ധതിയിലെ പാളിച്ച ഭരണപക്ഷത്തുള്ളവരടക്കം ചൂണ്ടിക്കാണിച്ചിരുന്നു. 

ENGLISH SUMMARY:

Kozhikode Corporation cycle project will be revamped to distribute usable bicycles to students for free. This initiative aims to address the issue of unused bicycles decaying and to benefit more people.