വൈഷ്ണവിയും ഹരിബാബുവും
തെലങ്കാനയിൽ ഗർഭിണിയായ സഹോദരിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊന്ന് പത്തൊൻപതുകാരനായ സഹോദരൻ. തെലങ്കാന യൂട്യൂബർ സി. വൈഷ്ണവിയുടെ ഭർത്താവ് സി. ഹരിബാബുവാണ് (20) നിസാമാബാദിലെ തിരക്കേറിയ തെരുവിൽ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം, സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് വൈഷ്ണവിയുടെ സഹോദരൻ ജി. സന്തോഷ് (19) പുറത്തുവിട്ട സെൽഫി വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം നിസാമാബാദ് ടൗണിലെ ശിവാജിനഗറിലാണ് സംഭവം. ജാമ്യത്തിലിറങ്ങിയ ശേഷം പാനിപൂരിയും ചോളവും വിറ്റ് ജീവിക്കുകയായിരുന്നു ഹരിബാബു. ഒരു പാനിപൂരി സ്റ്റാളിന് സമീപം നിൽക്കുമ്പോൾ കാറിൽ എത്തിയ സന്തോഷ് വാളുമായി ഓടിയെത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ ഹരിബാബു സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. ആക്രമണത്തിനുശേഷം പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് തൊട്ടുപിന്നാലെ ഒളിവില്‍പ്പോയ സന്തോഷ് അർദ്ധരാത്രിയോടെയാണ് ഒരു സെൽഫി വിഡിയോ പുറത്തുവിടുന്നത്. ‘ഞാൻ ഹരിബാബുവിനെ കൊന്നു. എന്റെ സഹോദരിയുടെ കൊലപാതകത്തിന് ഞാൻ പ്രതികാരം ചെയ്തു. മാസങ്ങളോളം കാത്തിരുന്നിട്ടും നീതി ലഭിക്കാത്തതുകൊണ്ടാണ് ഞാന്‍ തന്നെ അത് നടപ്പാക്കിയത്. ഞാൻ ഇനി പൊലീസിൽ കീഴടങ്ങുകയാണ്’ - സന്തോഷ് വിഡിയോയിൽ പറയുന്നു.
ഒരു വർഷം മുമ്പാണ് അയൽവാസിയായ ഹരിബാബുവുമായി സന്തോഷിന്‍റെ സഹോദരി വൈഷ്ണവിയുടെ വിവാഹം. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഹരിബാബു വൈഷ്ണവിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് ജഗ്തിയാൽ ജില്ലയിലുള്ള സ്വന്തം വീട്ടിലേക്ക് വൈഷ്ണവി മടങ്ങിയെത്തി. കഴിഞ്ഞ മാർച്ച് 17-ന്, താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചുകൊണ്ട് വൈഷ്ണവി യൂട്യൂബിൽ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. ഇതായിരുന്നു വൈഷ്ണവിയുടെ അവസാനത്തെ വിഡിയോ.
വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വൈഷ്ണവിയെ സ്വന്തം വീട്ടിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ പാടുകളുമുണ്ടായിരുന്നു. വൈഷ്ണവിക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച ജനപ്രീതിയിൽ ഹരിബാബുവിന് അസൂയയുണ്ടായിരുന്നതായും സ്ത്രീധന പീഡനമാണ് കൊലപാതകത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തെ തുടർന്ന് പൊലീസ് ഹരിബാബുവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ജൂലൈയില്‍ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഹരിബാബു ജാമ്യത്തിലിറങ്ങി സ്വതന്ത്രനായി നടക്കുന്നതിലും സഹോദരിക്ക് നീതി ലഭിക്കാത്തതിലും സന്തോഷ് കടുത്ത രോഷത്തിലായിരുന്നു. ഇതാണ് ഹരിബാബുവിനെ വെട്ടിക്കൊല്ലുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.