കണ്ണൂരില്‍ ഓണ്‍ലൈനില്‍ വാങ്ങിയ വസ്ത്രം റിട്ടേണ്‍ ചെയ്യാന്‍ ശ്രമിച്ച 54 വയസ്സുകാരനു നഷ്ടപ്പെട്ടത് 5.78 ലക്ഷം രൂപ. പ്രമുഖ ഓണ്‍ലൈന്‍ വിപണന കമ്പനിയില്‍ നിന്ന് വാങ്ങിയ വസ്ത്രം റിട്ടേണ്‍ ചെയ്യാന്‍ ശ്രമിച്ച തളിപ്പറമ്പ് സ്വദേശിയാണ് തട്ടിപ്പിനിരയായത്. 300 രൂപ വിലയുള്ള വസ്ത്രമാണ് ഇദ്ദേഹം ഓണ്‍ലൈനില്‍ വരുത്തിയത്.
ഓര്‍ഡര്‍ ചെയ്ത വസ്ത്രം കയ്യില്‍ കിട്ടിയപ്പോള്‍ പഴക്കം തോന്നിയതിനെ തുടര്‍ന്നായിരുന്നു റിട്ടേണ്‍ ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഗൂഗിളില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിളിച്ച് റിട്ടേണ്‍ ചെയ്യാനായിരുന്നു ശ്രമം. ഇത് തട്ടിപ്പുസംഘത്തിന്‍റേതാണെന്ന് പരാതിക്കാരന്‍ അറിഞ്ഞിരുന്നില്ല.
തട്ടിപ്പു സംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയും ചോദിച്ചപ്പോള്‍ പരാതിക്കാരന്‍ കൊടുക്കുകയായിരുന്നു. പിന്നീടാണ് രണ്ട് ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ നിന്ന് 5,78,813 രൂപ നഷ്ടമാകുന്നത്. രണ്ട് തവണയായാണ് പണം നഷ്ടപ്പെട്ടത്. തട്ടിപ്പിന് പിന്നില്‍ അസം സ്വദേശികളെന്ന് സംശയമുള്ളതായി പരാതിക്കാരൻ പറയുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.