teenage-girl-ai

പ്ലസ് ടു വിദ്യാർത്ഥിനിയായ 17-കാരിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ 39-കാരിയായ നേഹ ഗോഹിൽ എന്ന യുവതിയെ അഹമ്മദാബാദിലെ സർഖേജ് പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ മകനെയാണ് പ്രണയിക്കുന്നതെങ്കിൽ ചത്തുകാണിക്കൂ എന്ന് ആവർത്തിച്ച് പറഞ്ഞ് പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനാണ് നടപടി.

പെൺകുട്ടിയും നേഹ ഗോഹിലിൻ്റെ മകനും സഹപാഠികളായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ ഉപദേശിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 29-ന് സ്കൂൾ വളപ്പിൽ ഇവരെ ഒരുമിച്ചിരിക്കുന്നത് കണ്ട് പ്രിൻസിപ്പൽ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു.

ഓഗസ്റ്റ് 31-ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കി നേഹ ഗോഹിലും മകനും പെൺകുട്ടിയുടെ വീട്ടിലെത്തി. തങ്ങളുടെ കുടുംബത്തിന്റെ മാനം കളയരുതെന്നും മകനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ പോയി മരിക്കാനും നേഹ പെൺകുട്ടിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് 30 മിനിറ്റോളം നീണ്ട തർക്കത്തിന്റെയും ഭീഷണിയുടെയും ശബ്ദരേഖ പൊലീസിന് ലഭിച്ചത്. വൈകുന്നേരം മാതാപിതാക്കൾ വരുമ്പോൾ വീണ്ടും വന്ന് പ്രശ്നമുണ്ടാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.

ഈ സംഭവത്തിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായ പെൺകുട്ടി മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. സഹോദരനാണ് പെൺകുട്ടിയെ ആദ്യം കണ്ടത്. സംഭവത്തിൽ കുട്ടികൾക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്ത പൊലീസ്, സെപ്റ്റംബർ 13-നാണ് നേഹ ഗോഹിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ENGLISH SUMMARY:

Sarkhej police in Ahmedabad arrested a 39-year-old woman named Neha Gohil for abetting the suicide of a 17-year-old Class 12 student. The victim and Neha's son were classmates. On August 31, while the girl's parents were away, Neha and her son visited the girl's apartment and repeatedly told her to commit suicide if she truly loved her son, warning her not to ruin their family's reputation. CCTV audio recordings captured the 30-minute confrontation and threats. Overwhelmed by mental trauma, the girl hanged herself from a ceiling fan later that day. Following an investigation into abetment of suicide, police arrested Neha Gohil on September 13.