കോട്ടയത്ത് വിവാഹ ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സ്ഥാപനം വധുവിന്‍റെ വീട്ടുകാരെ കബളിപ്പിച്ചു. കാഞ്ഞിരപ്പള്ളിയിലുളള ഉദയം കേറ്ററിങ്ങാണ് കോട്ടയം കഞ്ഞിക്കുഴിയിലും മുണ്ടക്കയം ചോറ്റിയിലുമാണ് രണ്ടു വിവാഹങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ മുങ്ങിയത്. രണ്ടു വീട്ടുകാരുടെ പരാതിയില്‍ ഉടമ വിഷ്ണുവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.
പൂവന്തുരുത്ത് സ്വദേശി ഷീലയ്ക്ക് മാത്രമല്ല ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. കോട്ടയത്ത് രണ്ടിടങ്ങളിലാണ് കാഞ്ഞിരപ്പളളിയിലെ ഒരു കേറ്ററിങ് സ്ഥാപനം വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ രണ്ടു വീട്ടുകാരെ ചതിച്ചത്. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും കോട്ടയം നഗരത്തിലെ കഞ്ഞിക്കുഴിയിലും മുണ്ടക്കയം ചോറ്റിയിലും ഭക്ഷണം എത്തിച്ചില്ല. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം എത്തിച്ചാണ് വധുവിന്‍റെ വീട്ടുകാര്‍ കുറച്ചുപേര്‍ക്കെങ്കിലും ഭക്ഷണം നല്‍കിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് കേറ്ററിങ് സ്ഥാപനത്തെക്കുറിച്ച് പൂവന്തുരുത്തിലെ വധുവിന്‍റെ കുടുംബം അറിഞ്ഞത്. ചെലവിനായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. മുണ്ടക്കയം ചോറ്റിയിലെ വധുവിന്‍റെ കുടുംബം ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയും നല്‍കിയിരുന്നു. മുണ്ടക്കയം, കോട്ടയം ഇൗസ്റ്റ് പൊലീസ് സ്റ്റേഷനുകളില്‍ വധുവിന്‍റെ വീട്ടുകാര്‍ പരാതി നല്‍കി. ആരോപണവിധേയനായ കേറ്ററിങ് ഉടമ പൊലീസിലും പിടികൊടുത്തിട്ടില്ല.